മലപ്പുറം: താനൂർ ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഫിഷറീസ് വകുപ്പ്, താനൂർ നഗരസഭ, ഹാർബർ എഞ്ചിനീയറിംഗ്, പോലീസ്, മത്സ്യഫെഡ് എന്നീ വകുപ്പുകളുടെ ഏകോപനത്തോടെ ഹാർബർ പരിസരത്ത് ഏകദിന ശുചീകരണ യജ്ഞം നടത്തി.
താനൂർ ഹാർബറിലെ മാലിന്യക്കൂമ്പാരവും ദുർഗന്ധവും സംബന്ധിച്ച് ദൃശ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ വാർത്തകൾ വന്ന പശ്ചാത്തലത്തിലായിരുന്നു ശുചീകരണ പ്രവർത്തനം. മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടിരുന്നു. മലപ്പുറം ജില്ലാ കളക്ടർ അധ്യക്ഷനായ ഹാർബർ മാനേജ്മെന്റ് സൊസൈറ്റിയുടെ യോഗത്തിൽ എടുത്ത തീരുമാനപ്രകാരമാണ് മാസ്സ് ക്ലീനിംഗ് നടത്തിയത്.
താനൂർ ഡിവൈഎസ്പി പ്രമോദ്, ഡിഡി ഫിഷറീസ് സി. ആഷിക് ബാബു എന്നിവർ വിവിധ വിഭാഗങ്ങളുമായി ചർച്ചകൾ നടത്തി ശുചീകരണ നടപടി ഏകോപിപ്പിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ടി. മുഹമ്മദ് സജീർ, നഗരസഭ ക്ലീൻ സിറ്റി മാനേജർ പ്രകാശൻ, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രവീൺ, താനൂർ സബ് ഇൻസ്‌പെക്ടർ സുജിത്, എ.എസ്.ഐ. സലേഷ് കെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഹാർബർ എഞ്ചിനീയറിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രാജേഷ് കെ, അസിസ്റ്റന്റ് എഞ്ചിനീയർ പ്രണവ് മലോൽ, മത്സ്യഫെഡ് പ്രോജക്റ്റ് ഓഫീസർ ശ്രീലക്ഷ്മി ടി.എസ് എന്നിവർ പങ്കെടുത്തു. നഗരസഭ ഹരിത കർമസേന അംഗങ്ങൾ, ടി.ഡി.ആർ.എഫ് വളണ്ടിയർമാർ, ഫിഷറീസ് റെസ്‌ക്യു ഗാർഡുകൾ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയാണ് ശുചീകരണ പ്രവർത്തനം പൂർത്തിയാക്കിയത്.






