നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി ഇടതുമുന്നണിയിൽ സി.പി.എം – സി.പി.ഐ തർക്കം കൂടുതൽ രൂക്ഷമാകുന്നു. വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പരസ്യ പ്രസ്താവനയ്‌ക്കെതിരെ സി.പി.ഐയിൽ കടുത്ത അമർഷവും അതൃപ്തിയുമാണ് പുകയുന്നത്. സി.പി.ഐയുടെ അർഹമായ ആവശ്യത്തെ പരസ്യമായി തള്ളിക്കളഞ്ഞ നടപടി മുന്നണി മര്യാദകളുടെ കടുത്ത ലംഘനവും നേരിട്ടുള്ള വെല്ലുവിളിയുമാണെന്നാണ് പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. വിഷയത്തിലെ വിയോജിപ്പ് വ്യക്തമാക്കി സി.പി.എം കേന്ദ്ര നേതൃത്വത്തെ നേരിട്ട് പരാതി അറിയിക്കാനാണ് സി.പി.ഐ തീരുമാനം. ഡി രാജ എംഎ ബേബിയെ വിളിച്ച് സംസാരിക്കും.
പ്രതിപക്ഷ നേതാവിന്റെ കടുത്ത നിലപാടിൽ പ്രതിഷേധിച്ച് നിയമസഭയിൽ സി.പി.ഐ അംഗങ്ങൾ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന അഭിപ്രായം പോലും പാർട്ടിക്കുള്ളിൽ ഒരു വിഭാഗം നേതാക്കൾ ശക്തമായി ഉയർത്തിക്കഴിഞ്ഞു എന്ന് പറയുമ്പോൾ, ഇടത് ഐക്യം ആടിയുലയുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്. പിണറായി വിജയന്റെ ഈ പെട്ടെന്നുള്ള പ്രകോപനത്തിന് പിന്നിൽ രാഷ്ട്രീയമായ മറ്റ് ചില കാരണങ്ങളുമുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്. തന്റെ മകൾക്കെതിരെയുണ്ടായ സാമ്പത്തിക കേസിൽ സിപിഐ എടുത്ത നിലപാടുകളാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചതെന്ന വാദങ്ങളും ഉയരുന്നുണ്ട്. വീണയുടെ കേസിനെ ന്യായീകരിക്കേണ്ട ഉത്തരവാദിത്വം തങ്ങൾക്കില്ല എന്നും ബിസിനസ് വേറെ രാഷ്ട്രീയം വേറെ എന്നുമായിരുന്നു ഈ കേസിലെ സിപിഐ നിലപാട്.
പ്രതിപക്ഷ ഉപനേതാവ് പദവിക്കായി ഏതറ്റം വരെ പോകാൻ തന്നെയാണ് ഇപ്പോൾ സിപിഐ തീരുമാനിച്ചിരിക്കുന്നത്. എൽഡിഎഫ് പരിപാടികളിൽ നിന്നടക്കം വിട്ടു നിൽക്കാനുള്ള ആലോചനയിലാണ് സിപിഐ നേതൃത്വം. പാർട്ടിയുടെ അഭിമാനം നഷ്ടപ്പെടുത്തി മുന്നണിയെന്ന നിലയിൽ പോകേണ്ടെന്ന് അവർ വിശ്വസിക്കുന്നു. പിണറായി വിജയൻ്റെ ശൈലി അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് നേതൃത്വത്തിലെ ഒരുവിഭാഗം. പിണറായി ശൈലിയുടെ ഇര സിപിഐഎം മാത്രമല്ല സിപിഐ കൂടിയാണെന്നാണ് ഈ നേതാക്കളുടെ അഭിപ്രായം. വലിയ പരാജയം സംഭവിച്ചിട്ടും പിണറായിയുടെ ശൈലിയിൽ മാറ്റില്ലെന്നതിന് ഉദാഹരണമാണ് പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണമെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.
പ്രതിപക്ഷ ഉപനേതാവ് പദവി സി.പി.ഐക്ക് നൽകില്ലെന്ന് അൽപ്പം രൂക്ഷമായിട്ടായിരുന്നു മാധ്യമങ്ങൾക്ക് മുന്നിൽ പിണറായി വിജയൻ വ്യക്തമാക്കിയത്. സ്പീക്കർക്ക് നൽകുന്ന ഔദ്യോഗിക കത്തിൽ ഉപനേതാവായി നിർദ്ദേശിക്കുന്നത് സി.പി.എം നേതാവിന്റെ പേരായിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇടതുമുന്നണിയെ വലിയ പ്രതിസന്ധിയിലാക്കി കഴിഞ്ഞ മൂന്ന് മാസത്തോളമായി തുടരുന്ന തർക്കവിഷയമാണ് പ്രതിപക്ഷ ഉപനേതാവ് പദവി. എന്നാൽ എത്ര ദിവസം തർക്കം നീണ്ടാലും ഇക്കാര്യത്തിൽ തങ്ങളുടെ നിലപാടിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോകാൻ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് സി.പി.എം.
സി.പി.ഐക്ക് വഴങ്ങേണ്ടതില്ലെന്ന പിണറായി വിജയന്റെ ഉറച്ച ശൈലിയിൽ വ്യക്തമാകുന്നത് പാർട്ടിയുടെ കർശനമായ നിലപാടാണ്. എന്നാൽ എൽ.ഡി.എഫിലെ ഇത്തരം പദവികൾ ഏതെങ്കിലും ഒരു പാർട്ടിക്ക് മാത്രം വീതിച്ചു നൽകിയിട്ടുള്ള കുത്തകയല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് തങ്ങളുടെ അവകാശവാദത്തിൽ സി.പി.ഐയും ഉറച്ചുനിൽക്കുന്നു. വിഷയത്തിൽ വിട്ടുവീഴ്ചയുണ്ടാക്കാൻ എൽ.ഡി.എഫ് കൺവീനർ എം.എൻ സ്മാരകത്തിലെത്തി സി.പി.ഐ സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ചർച്ചകൾ പരാജയപ്പെടുകയായിരുന്നു. ഇതിന്സി പിന്നാലെ, സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും അവകാശമില്ലെന്നും പിണറായി അങ്ങനെ പറയുമെന്ന് വിശ്വസിക്കാനാകുന്നില്ലെന്നുമായിരുന്നു ബിനോയ് വിശ്വം പ്രതികരിച്ചത്. പിണറായിയുടെ നിലപാട് സിപിഐയെ അക്ഷരാർത്ഥത്തിൽ പൊള്ളിച്ചിട്ടുണ്ടെന്ന് വ്യക്തം.
ഉപനോതാവ് പദവി അടഞ്ഞ ആധ്യായമാണെന്ന് നേരത്തെയും പിണറായി വിജയൻ പ്രതികരിച്ചിരുന്നു. കേട്ടുകേൾവി പോലുമില്ലാത്ത വിഷയത്തിൽ ചർച്ച വേണമെന്ന് പറയുന്നതിൽ എന്ത് പ്രസക്തിയെന്നും പിണറായി വിജയൻ ചോദിച്ചിരുന്നു. അന്നും പിണറായി വിജയൻ്റെ പ്രതികരണത്തിനെതിരെ സിപിഐ നേതാക്കൾ രംഗത്ത് വന്നിരുന്നു.
സംസ്ഥാന സെക്രട്ടറി പരസ്യമായി ആവശ്യപ്പെട്ട സ്ഥാനമാനങ്ങളിൽ നിന്ന് പിന്മാറുന്നത് സി.പി.ഐക്കും, ആവശ്യം അംഗീകരിച്ചു നൽകുന്നത് സി.പി.എമ്മിനും ഒരേപോലെ അഭിമാനപ്രശ്‌നമായി മാറിയതോടെ മുന്നണി യോഗം ചേരുന്നത് പോലും അനിശ്ചിതത്വത്തിലായിരുന്നു. തുടർന്ന് ഈ തർക്കവിഷയം താൽക്കാലികമായി മാറ്റിവെച്ച് കഴിഞ്ഞ തിങ്കളാഴ്ച എൽ.ഡി.എഫ് യോഗം ചേർന്നെങ്കിലും അവിടെ ആരും ഉപനേതാവ് വിഷയം ചർച്ചയാക്കിയില്ല. മുന്നണി മര്യാദ പാലിച്ചാണ് തങ്ങൾ യോഗത്തിൽ ഈ വിഷയം ഉന്നയിക്കാതിരുന്നതെന്ന് സി.പി.ഐ പിന്നീട് വിശദീകരിച്ചിരുന്നു.
എന്നാൽ മുന്നണി യോഗത്തിൽ ഉയർന്നുവരാത്ത വിഷയം പിന്നീട് പ്രതിപക്ഷ നേതാവ് പരസ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ തള്ളിക്കളഞ്ഞതാണ് സി.പി.ഐയെ കൂടുതൽ ചൊടിപ്പിച്ചത്. ഇത് മുന്നണി ബന്ധത്തെ തന്നെ ബാധിക്കുന്ന തലത്തിലേക്ക് വളർന്നിരിക്കുകയാണ്. പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്ന് സർക്കാരിനെതിരെ പോരാടേണ്ട ഈ നിർണായക സമയത്ത് ഇങ്ങനെ തമ്മിൽതമ്മിൽ പോരടിക്കുന്നത് ഇടതുപക്ഷത്തിന് ഒട്ടും നല്ലതായിരിക്കില്ല. എത്രയും വേഗം വിഷയം പരിഹരിക്കാനായില്ലെങ്കിൽ പതിയെ അണികൾ പ്രതകരിച്ച് തുടങ്ങുകയും വിഷയം സോഷ്യൽ മീഡിയയിലേക്കും അതിലൂടെ തെരുവിലേക്കും പടരാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.


