കൽപ്പറ്റ: ഓണാവധി ആരംഭിച്ചതോടെ വയനാട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ശനിയാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച ഗതാഗതക്കുരുക്ക് മണിക്കൂറുകൾ പിന്നിട്ടും ഞായറാഴ്ചയും തുടരുകയാണ്. അടിവാരം മുതൽ ചുരം കയറുന്ന വാഹനങ്ങളുടെയും വൈത്തിരി തളിപ്പുഴ ഭാഗത്ത് നിന്ന് ചുരമിറങ്ങുന്ന വാഹനങ്ങളുടെയും നീണ്ടനിരയാണ് അനുഭവപ്പെടുന്നത്.
ഗുണ്ടൽപ്പേട്ടിലെ മുന്തിരിത്തോപ്പുകളും പൂപ്പാടങ്ങളും വയനാട്ടിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാനായി മലബാറിലെ വിവിധ ജില്ലകളിൽ നിന്നെത്തുന്നവരുടെ എണ്ണം വർധിച്ചതാണ് പ്രധാനമായും ഗതാഗതക്കുരുക്കിന് കാരണമായത്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരാണ് താമരശ്ശേരി ചുരം വഴി വയനാട്ടിലേക്ക് കൂടുതലായി എത്തുന്നത്.
ശനിയാഴ്ച രാവിലെ വയനാട്, ഗുണ്ടൽപ്പേട്ട മേഖലകളിലേക്ക് പോയ വിനോദസഞ്ചാരികൾ രാത്രിയോടെ കൂട്ടത്തോടെ മടങ്ങിയെത്തിയതും രാത്രികാലങ്ങളിൽ മാത്രം ചുരത്തിലൂടെ സഞ്ചരിക്കാൻ അനുമതിയുള്ള ഭാരമേറിയ മൾട്ടി ആക്സിൽ വാഹനങ്ങൾ ഒരേസമയം ചുരം കയറുകയും ഇറങ്ങുകയും ചെയ്തതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.
ചുരത്തിലെ ആറാം, ഏഴാം, എട്ടാം വളവുകളിൽ നടക്കുന്ന വീതികൂട്ടൽ പ്രവൃത്തികളും ഗതാഗതത്തെ ബാധിക്കുന്നുണ്ട്. ഞായറാഴ്ചയും ഓണാവധിയും ആയതോടെ രാവിലെ മുതൽ വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വീണ്ടും വലിയ തോതിൽ സഞ്ചാരികൾ എത്തിയതോടെ കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങി.
അർധരാത്രിയിൽ രൂപപ്പെട്ട കനത്ത ഗതാഗതക്കുരുക്കിൽ അത്യാസന്ന രോഗികളുമായി പോയ ആംബുലൻസുകൾ ഉൾപ്പെടെ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. ഇതിനിടെ ചില വാഹനങ്ങൾ വരി തെറ്റിച്ച് തെറ്റായ ദിശയിലൂടെ മുന്നോട്ട് എടുത്തത് ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം പൂർണമായും സ്തംഭിക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചു.
ലൈൻ ട്രാഫിക് പാലിക്കാത്ത കാർ, സ്വകാര്യ ബസ് ഡ്രൈവർമാരുടെ നടപടികളും ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു.





As someone who prefers using crypto, this site is a breath of fresh air. Transactions are instant and the privacy is great. kryptocasinokr is perfect for crypto users.