പത്തനംതിട്ട: ക്ഷേത്ര ജീവനക്കാരിയുടെ കണ്ണിൽ മുളകുപൊടി വിതറി സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച കേസിൽ പൂജാരി അറസ്റ്റിൽ. ഇലന്തൂർ സ്വദേശി ബിജുമോൻ എം.പി (52) ആണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് ഉള്ളന്നൂർ പുലിക്കൂട്ടിനാൽ ക്ഷേത്രത്തിൽ സംഭവം നടന്നത്. ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയായ വിജയമ്മ (63) യുടെ മാലയാണ് ബിജുമോൻ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്.
പതിവുപോലെ ക്ഷേത്ര ജോലികളിൽ ഏർപ്പെട്ടിരുന്ന വിജയമ്മയെ ലക്ഷ്യമിട്ട് പ്രതി ദൂരെ ബൈക്ക് പാർക്ക് ചെയ്ത ശേഷം സമീപത്തെ റബർ തോട്ടത്തിലൂടെ ക്ഷേത്രത്തിലെത്തുകയായിരുന്നു. തുടർന്ന് വിജയമ്മയുടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കഴുത്തിലുണ്ടായിരുന്ന സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു.
വിജയമ്മ നിലവിളിച്ചതോടെ പ്രതി ക്ഷേത്രത്തിൽനിന്ന് പുറത്തേക്ക് ഓടി. രക്ഷപ്പെടാൻ ശ്രമിച്ച ബിജുമോനെ ഓടിയെത്തിയ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഇലവുംതിട്ട പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ ബിജുമോനെ റിമാൻഡ് ചെയ്തു.


