ചെന്നൈ: തമിഴ്നാട്ടിലെ കോളേജുകളിൽ സിജെപി, ഇടത് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം വിലക്കിയ വിവാദ ഉത്തരവിൽ ചീഫ് സെക്രട്ടറി സായികുമാറിനെതിരെ സിപിഎം പ്രതിഷേധത്തിന്. നാളെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം നടത്തുമെന്ന് സിപിഎം അറിയിച്ചു.
ചീഫ് സെക്രട്ടറിയെ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും വിഷയത്തിൽ ടിവികെ നേതാവ് വിജയ് നിലപാട് വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി സായികുമാറിന്റെ രാഷ്ട്രീയ ചായ്വ് പുറത്തുവന്നെന്നും സിപിഎം ആരോപിച്ചു.
കോളേജുകളിൽ പ്രതിഷേധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം ചീഫ് സെക്രട്ടറി അധ്യക്ഷനായ യോഗത്തിലാണ് ഉണ്ടായതെന്നാണ് വിവരം. ജൂലൈ 28ന് നടന്ന പ്രതിമാസ ക്രമസമാധാന അവലോകന യോഗത്തിലായിരുന്നു നിർദേശം.
വിദ്യാർഥികളെ പ്രതിഷേധങ്ങളിലും സമരങ്ങളിലും പങ്കെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കണമെന്നും പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കരുതെന്നും കോളേജ് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിരുന്നു.
വിവാദമായതിനെ തുടർന്ന് സിജെപി, ഇടത് സംഘടനകളുടെ പ്രതിഷേധം വിലക്കിയ ഉത്തരവ് തമിഴ്നാട് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. ടിവികെ സർക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന പാർട്ടിയാണ് സിപിഎം.











