കുവൈത്ത് സിറ്റി: ഷോപ്പിംഗ് മാളുകളിൽ പ്രവാസി തൊഴിലാളികളെ ചൂഷണം ചെയ്ത ക്രിമിനൽ സംഘത്തെ കുവൈത്ത് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ പിടികൂടി. ഹവല്ലി, ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗങ്ങളുടെ സഹകരണത്തോടെ നടത്തിയ സംയുക്ത നടപടിയിലാണ് സംഘം അറസ്റ്റിലായത്.
പ്രവാസികളെ ലോഡർമാരായി ജോലിക്ക് വെച്ച ശേഷവും ശമ്പളം നൽകാതെ വഞ്ചിക്കുകയായിരുന്നു സംഘം. ഇതോടൊപ്പം, ജോലി നഷ്ടപ്പെടുത്തുമെന്ന ഭീഷണി മുഴക്കി ഓരോ തൊഴിലാളിയിലും നിന്ന് ദിവസേന ഏകദേശം നാല് കുവൈത്തി ദിനാർ വീതം നിർബന്ധിതമായി ഈടാക്കുന്നതായും അന്വേഷണം സംഘം കണ്ടെത്തി. നിരവധി തൊഴിലാളികളാണ് ഈ ചൂഷണത്തിന് ഇരയായത്.
കമ്പനിയിൽ നിന്ന് ശമ്പളം ലഭിക്കുന്നില്ലെന്ന വിവരം ചില തൊഴിലാളികൾ അധികൃതരെ അറിയിച്ചതോടെയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്യുന്നതിനിടെ, തൊഴിൽ തുടരാൻ വേണ്ടി സംരക്ഷണ പണം അടയ്ക്കേണ്ടി വന്നിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും, നിയമപ്രകാരം ഉത്തരവാദികളായ എല്ലാവർക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കാനുമുള്ള നടപടികൾ തുടരുകയാണെന്ന് കുവൈത്ത് സുരക്ഷാ ഏജൻസികൾ അറിയിച്ചു.










