ദില്ലി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ വൻ വർധന. പശ്ചിമേഷ്യയിലെ വിതരണ തടസ്സങ്ങൾ കാരണം മൊത്തം ഇറക്കുമതി 15% കുറഞ്ഞിട്ടുണ്ടെങ്കിലും, ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ മാർച്ചിൽ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി 90% ഉയർന്നു. യുദ്ധ പശ്ചാത്തലത്തിൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ എൽപിജി ഇറക്കുമതി 40% ഇടിഞ്ഞു.
2025 ഡിസംബറിലും 2026 ജനുവരി–ഫെബ്രുവരി മാസങ്ങളിലും റഷ്യയിൽ നിന്നുള്ള ഇറക്കുമതി ഗണ്യമായി കുറഞ്ഞിരുന്നു. അമേരിക്കയുടെ ഇടപെടലിനെ തുടർന്നായിരുന്നു ഈ കുറവ്. എന്നാൽ യുദ്ധ സാഹചര്യത്തിൽ അമേരിക്ക പ്രഖ്യാപിച്ച 30 ദിവസത്തെ ഇളവിനെ തുടർന്ന് റഷ്യൻ എണ്ണ വാങ്ങൽ വീണ്ടും ഉയർന്നു. അംഗോള, ഗാബൺ, ഘാന, കോംഗോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയും വർധിച്ചു. ഹോർമുസ് കടലിടുക്ക് ഒഴിവാക്കാൻ മധ്യപൂർവേഷ്യൻ രാജ്യങ്ങൾ പൈപ്പ്ലൈൻ വഴിയുള്ള വിതരണം വർധിപ്പിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് (യാൻബു) പൈപ്പ്ലൈനും യുഎഇയുടെ ഹബ്ഷാൻ-ഫുജൈറ പൈപ്പ്ലൈനും കൂടുതൽ ഉപയോഗത്തിലായി. ഇതിനിടെ ഇന്ത്യൻ കപ്പലുകൾക്ക് സഞ്ചരിക്കാൻ ഇറാൻ അനുമതി നൽകിയതും ശ്രദ്ധേയമാണ്.
ഏപ്രിലിലും റഷ്യയിൽ നിന്നുള്ള ഇറക്കുമതി തുടരുമെന്ന് സൂചനയുണ്ട്. ഇറാനിയൻ എണ്ണ വാങ്ങലിനും സാധ്യത ഉയരുന്നുണ്ട്. കൂടാതെ, ഏപ്രിൽ മുതൽ വെനിസ്വേലയിൽ നിന്നുള്ള എണ്ണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഖത്തർ എനർജിയുമായി ഇന്ത്യക്കുള്ള ദീർഘകാല കരാറുകൾ ഉണ്ടായിട്ടും ഹോർമുസിലെ തടസ്സങ്ങളും ഫോഴ്സ് മജ്യൂർ പ്രഖ്യാപനവും കാരണം എൽഎൻജി വിതരണം 92% കുറഞ്ഞു. ഇതിന് പകരമായി യുഎസ്, ഒമാൻ, അംഗോള, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണ് ആശ്രയം.




