തിരുവനന്തപുരം: റോഡരികിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചതിനെതിരെ ചോദ്യം ചെയ്ത യുവാവിനെയും കുടുംബാംഗങ്ങളെയും ആക്രമിച്ച കേസിൽ രണ്ടുപേരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. ജഗതി ബണ്ട് റോഡ് സ്വദേശികളായ സുരേഷ്, ദീപു സുകുമാരൻ എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച രാത്രി, പരാതിക്കാരൻ വാടകയ്ക്ക് താമസിക്കുന്ന വീടിന് മുന്നിലുള്ള റോഡിൽ പ്രതികൾ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുകയായിരുന്നു. പരിസ്ഥിതി മലിനീകരണത്തെ കുറിച്ച് യുവാവ് ചോദ്യം ചെയ്തതിനെ തുടർന്ന് വാക്കുതർക്കം ഉണ്ടായെന്നും, പിന്നാലെ പ്രതികൾ ആക്രമണത്തിലേർപ്പെട്ടതായും പൊലീസ് പറഞ്ഞു.
യുവാവിനെ മർദിച്ചതിനൊപ്പം കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ആക്രമണത്തിൽ യുവാവിന്റെ കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റു. സംഘർഷം തടയാൻ ശ്രമിച്ച കുടുംബാംഗങ്ങളെയും പ്രതികൾ മർദിച്ചതോടെ നാല് പേർക്ക് പരിക്കേറ്റു.
അറസ്റ്റിലായ സുരേഷ് മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ പട്ടികയിൽ ഉൾപ്പെട്ടയാളാണെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




