ഇടുക്കി: വിനോദസഞ്ചാരകേന്ദ്രമായ കൊളുക്കുമലയിൽ പാറയിൽ നിന്ന് കാൽ തെന്നി കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി. ഏകദേശം 200 അടിയോളം താഴ്ചയിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. പരിക്കേറ്റ യുവാവിനെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെന്നൈ സ്വദേശി കാർത്തിക്കാണ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാര സംഘത്തിനൊപ്പമാണ് കാർത്തിക് കൊളുക്കുമലയിൽ എത്തിയത്. ഇന്നലെ കൊളുക്കുമലയിൽ എത്തിയ സംഘം ഇന്ന് രാവിലെ സിംഹപ്പാറ സന്ദർശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
സിംഹപ്പാറയിൽ കയറി നിൽക്കുന്നതിനിടെ തലകറങ്ങി കാർത്തിക് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. ആഴമേറിയ കൊക്കയായതിനാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു.
ടാക്സി തൊഴിലാളികൾ, പൊലീസ്, ഫയർഫോഴ്സ് എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് യുവാവിനെ പുറത്തെടുക്കാൻ സാധിച്ചത്.
അതേസമയം, കൊളുക്കുമല തമിഴ്നാടിന്റെ ഭാഗത്തായതിനാൽ തമിഴ്നാട് പൊലീസിന്റെയും ഫയർഫോഴ്സിന്റെയും ഇടപെടൽ വൈകിയെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തി.
കൊളുക്കുമലയിലെ സിംഹപ്പാറയിൽ അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഒരു മാസം മുൻപ് ഇതേ സ്ഥലത്ത് മറ്റൊരു യുവാവും കൊക്കയിലേക്ക് വീണിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് അന്ന് മൃതദേഹം കണ്ടെത്തിയത്.




