ആലപ്പുഴ: കായംകുളം നഗരസഭയിൽ എൽഡിഎഫ്, യുഡിഎഫ് കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി. നഗരസഭയിലെ രണ്ടാം വാർഡിൽ പ്രവർത്തിച്ചിരുന്ന അംഗൻവാടി മറ്റൊരു വാർഡിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് തർക്കം സംഘർഷത്തിലേക്ക് മാറിയത്.
എൽഡിഎഫ് കൗൺസിലർമാർ നഗരസഭ ചെയർമാൻ ശരത് ലാൽ ബെല്ലാരിയെ തള്ളിയിട്ട് വീഴ്ത്തിയെന്നാണ് യുഡിഎഫിന്റെ ആരോപണം. സംഭവത്തിൽ പരിക്കേറ്റെന്ന് പരാതിയുമായി നാല് യുഡിഎഫ് കൗൺസിലർമാർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, യുഡിഎഫ് കൗൺസിലർമാരാണ് ചെയർമാനെ തള്ളിയിട്ടതെന്ന് എൽഡിഎഫ് കൗൺസിലർമാർ ആരോപിച്ചു. സംഭവത്തിൽ ഇരുപക്ഷവും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു.




