കുവൈത്ത് സിറ്റി: വാണിജ്യ തട്ടിപ്പുകൾക്കെതിരായ പ്രത്യേക പരിശോധനയുടെ ഭാഗമായി കുവൈത്ത് കാപ്പിറ്റൽ ഗവർണറേറ്റിലെ ഒരു ഗോഡൗണിൽ നിന്ന് വൻതോതിൽ കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളും തംബാക്കും വാണിജ്യ മന്ത്രാലയം പിടിച്ചെടുത്തു.
വാണിജ്യ നിയന്ത്രണ–ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ ഇൻസ്പെക്ഷൻ സംഘം നടത്തിയ രഹസ്യനിരീക്ഷണത്തിനും പരിശോധനയ്ക്കുമൊടുവിലാണ് ഗോഡൗണിൽ റെയ്ഡ് നടത്തിയത്.
പ്രാദേശിക വിപണിയിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന ഏകദേശം 1,500 പാക്കറ്റ് കാലാവധി കഴിഞ്ഞ സൗന്ദര്യവർധക ഉൽപ്പന്നങ്ങളും ഡിറ്റർജന്റുകളും 1.32 ടൺ തംബാക്കുമാണ് പിടിച്ചെടുത്തത്.
ഗൾഫ് സഹകരണ കൗൺസിലിന്റെ വാണിജ്യ തട്ടിപ്പ് വിരുദ്ധ ഏകീകൃത നിയമം ലംഘിച്ചാണ് ഉൽപ്പന്നങ്ങൾ സംഭരിച്ചിരുന്നതെന്ന് മന്ത്രാലയം അറിയിച്ചു. പിടിച്ചെടുത്ത മുഴുവൻ സാധനങ്ങളും കണ്ടുകെട്ടിയതായും ബന്ധപ്പെട്ടവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.




