കൊല്ലം: മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം കോർപ്പറേഷൻ കൗൺസിലർ ബി. അജിത് കുമാറിന്റെ അവയവങ്ങൾ അഞ്ച് പേർക്ക് പുതുജീവൻ നൽകും. കെ-സോട്ടോയുടെ മേൽനോട്ടത്തിലാണ് അവയവദാനം നടത്തുന്നത്. കുരീപ്പുഴ കോനവെട്ടത്ത് സ്വദേശിയായ അജിത് കുമാർ കൊല്ലം കോർപ്പറേഷനിലെ ഡിവിഷൻ 7 കൗൺസിലറും കായിക, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്നു.
ജൂലൈ 19-ന് സ്‌ട്രോക്ക് ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 1 മണിയോടെ ഡോക്ടർമാർ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു.
തുടർന്ന് സഹോദരങ്ങളായ സുരേഷ് കുമാറും അജിത കുമാരിയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം നൽകി. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മറ്റൊരു വൃക്ക കൊല്ലം ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയിലേക്കും കൈമാറും. കണ്ണുകൾ തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലേക്ക് നൽകും.
അവയവങ്ങൾ വേഗത്തിൽ ആശുപത്രികളിലെത്തിക്കാൻ പൊലീസ് നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് ‘ഗ്രീൻ കോറിഡോർ’ ഒരുക്കിയിട്ടുണ്ട്. അവിവാഹിതനായിരുന്ന അജിത് കുമാറിന്റെ അവയവദാനം അഞ്ച് രോഗികളുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷയായി മാറുകയാണ്.




