തൃശ്ശൂര്‍: സൈക്കിള്‍ യാത്രകളിലൂടെ ശ്രദ്ധേയനായ സഞ്ചാരി അഷ്‌റഫ് മരിച്ച നിലയില്‍. 43 വയസ്സായിരുന്നു . വടക്കാഞ്ചേരി എടങ്കക്കാട് റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂര്‍ പത്താംകല്ല് സ്വദേശിയാണ്.
വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വേ ഗേറ്റിന് സമീപം ഇന്ന് രാവിലെ പത്ത് മണിയോടെ ട്രാക്കിനോട് ചേര്‍ന്ന തോട്ടില്‍ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്.
സമീപത്തെ തോട്ടുപാലത്തിന് മുകളില്‍ നിന്ന് വീണതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സൈക്കിള്‍ സവാരിയിലൂടെ ഹിമാലയം, ലഡാക്ക് തുടങ്ങിയ ദീര്‍ഘദൂര യാത്രകള്‍ നടത്തിയിരുന്ന വ്യക്തിയാണ് അഷറഫ്. സാഹസിക യാത്രകളില്‍ തല്‍പ്പരനായ അദ്ദേഹത്തിന്റെ മരണം നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്.
സംഭവസ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മരണത്തിലെ ദുരൂഹത നീക്കാന്‍ വിശദമായ അന്വേഷണം ആരംഭിച്ചു.










