മലപ്പുറം:കുട്ടികളിൽ കായിക അവബോധവും താല്പര്യവും ജനിപ്പിക്കാൻ ദമാം വാഴക്കാട് വെൽഫെയർ സെൻ്റർ ഇരുപത്തി അഞ്ചാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യു.ഐ.സി സ്റ്റുഡൻ്റ്സ് സോക്കർ സീസൺ രണ്ടിന്റെ അണ്ടർ 17 വിഭാഗത്തിൽ ഗ്രാസ്റൂട്ട്സ് അക്കാദമിയും അണ്ടർ 14 വിഭാഗത്തിൽ ജെ എഫ് സി ജുബൈൽ അക്കാദമിയും കിരീടം ചൂടി.
ദമാം ഫൈസലിയയിലെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടി ഫോക്കോസോക്കർ അക്കാദമിയെ പരാജയപ്പെടുത്തിയാണ് അണ്ടർ 17 വിഭാഗത്തിൽ ഗ്രാസ്റൂട്ട്സ് കിരീടം സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഡി.എസ്.എ കോബാറിനെ പരാജയപ്പെടുത്തിയാണ് അണ്ടർ 14 വിഭാഗത്തിൽ ജെ എഫ് സി ജുബൈൽ അക്കാദമി കിരീടം ചൂടിയത്.
രണ്ട് ആഴ്ചകളിലായി നടന്ന മത്സരങ്ങളിൽ പ്രവിശ്യയിലെ വിവിധ അക്കാദമികളെ പ്രതിനിധീകരിച്ച് അണ്ടർ 14 വിഭാഗത്തിൽ 11 ടീമുകളും അണ്ടർ 17 വിഭാഗത്തിൽ 7 ടീമുകളും മാറ്റുരച്ചു. ലോക ഫുട്ബോളിനെ തന്റെ നാടൻ ശൈലിയിൽ സവിശേഷമായ വിലയിരുത്തലുകൾ നടത്തി സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധേയനായ സുബൈർ വാഴക്കാട് ഫൈനൽ മത്സരത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഫുട്ബോൾ മേളക്ക് പൊലിമ സമ്മാനിച്ചു.
അണ്ടർ 15 വിഭാഗത്തിൽ നടത്തിയ പെൺകുട്ടികളുടെ സൗഹൃദ ഫുട്ബാൾ പ്രദർശന മത്സരം കാണികൾക്ക് ഏറെ ഹൃദ്യമായി. ടൈബ്രേക്കറിൽ സ്പോർട്ടീവോ ഗേൾസ് അക്കാദമിയെ പരാജയപെടുത്തി ഗ്രാസ്റൂട്സ് ഗേൾസ് അക്കാദമി കിരീടം ചൂടി. അണ്ടർ 17 വിഭാഗത്തിൽ ടൂർണമെൻ്റിലെ കൂടുതൽ ഗോളുകൾ നേടിയ കളിക്കാരനായി ഫോക്കോസോക്കറിൻ്റെ നദീം മുഹമ്മദിനേയും, മികച്ച കളിക്കാരനായി ഗ്രാസ്റൂട്ട്സിൻ്റെ നായിഫിനേയും മികച്ച ഗോൾകീപ്പറായി സുഹൈബ് ഖാൻ (ഫോക്കോസോക്കർ) എന്നിവരേയും തിരഞ്ഞെടുത്തു. അണ്ടർ 14 വിഭാഗത്തിൽ ടൂർണമെൻ്റിലെ കൂടുതൽ ഗോളുകൾ നേടിയ കളിക്കാരനായി ഫോക്കോസോക്കറിൻ്റെ ഹേം ഷിരിഷ് ജിൻകയേയും, മികച്ച കളിക്കാരനായി സായിദീപിനേയും മികച്ച ഗോൾകീപ്പറായി ഹംദാനേയും (ജെ.എഫ് സി) തിരഞ്ഞെടുത്തു.






