ദന്തേലി: സാഹസിക വിനോദമായ സിപ്പ്ലൈനിൽ നിന്ന് വീണ് വിനോദസഞ്ചാരിക്ക് ഗുരുതര പരിക്ക്. കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ദന്തേലിയിലെ സ്വകാര്യ റിസോർട്ടിലാണ് അപകടം നടന്നത്. വിജയപുര സ്വദേശി കുബേർ സുർപൂരി (24) ആണ് അപകടത്തിൽപ്പെട്ടത്. സിപ്പ്ലൈനിൽ നിന്ന് ഏകദേശം 40 അടി താഴേക്ക് വീണ യുവാവിന് കൈക്കും കാലിനും ഒന്നിലധികം പൊട്ടലുകളും നാഡിക്ക് തകരാറും സംഭവിച്ചു.
ജൂലൈ മൂന്നിനാണ് അപകടം ഉണ്ടായത്. സിപ്പ്ലൈനിൽ കയറി ഏതാനും നിമിഷങ്ങൾക്കകം യുവാവ് താഴേക്ക് വീഴുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സാഹസിക വിനോദങ്ങളുടെ സുരക്ഷയെക്കുറിച്ച് ചർച്ചകൾ ഉയർന്നു.
അപകടത്തിന് പിന്നാലെ കുബേറിനെ ദന്തേലി സർക്കാർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് വിജയപുരയിലെ ആശുപത്രിയിലേക്കും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മിറാജിലേക്കും മാറ്റി.
സിപ്പ്ലൈനിന്റെ സുരക്ഷാ ലോക്ക് തകരാറിലായതാണ് അപകടകാരണമെന്ന് കുബേറിന്റെ കുടുംബം ആരോപിച്ചു. റിസോർട്ടിലെ സുരക്ഷാ വീഴ്ചയും ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി കുറവും അപകടത്തിന് കാരണമായെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നുവെന്നും സംഭവം ദൗർഭാഗ്യകരമാണെന്നും റിസോർട്ട് അധികൃതർ അറിയിച്ചു. അനാസ്ഥ ഉണ്ടായെന്ന ആരോപണം റിസോർട്ട് അധികൃതർ നിഷേധിച്ചു.




