നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് തൂക്കുകയർ വിധിച്ചിരിക്കുകയാണ്. ഒപ്പം 20 ലക്ഷം പിഴയും അടയ്ക്കണം. പിഴ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്കാണ് നൽകേണ്ടത്. ചെന്താമരയ്ക്ക് തുക നൽകാൻ സാധിച്ചില്ലെങ്കിൽ ഇത് സർക്കാർ നൽകണമെന്നാണ് വിധി. ചെന്താമര തുക നൽകിയില്ലെങ്കിൽ മൂന്ന് വർഷം അധിക തടവ് അനുഭവിക്കണം. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. വിധി കേട്ട ചെന്താമരയ്ക്ക് ഇന്നും കോടതിയിൽ ഭാവവ്യത്യാസം ഉണ്ടായിരുന്നില്ല. വിചാരണയ്ക്കിടെ നാല് സാക്ഷികൾ കൂറുമാറിയിരുന്നു. പൊലീസും ഏറെ പഴികേട്ട കേസാണിത്. 2026 ഫെബ്രുവരി 23നാണ് വിചാരണ ആരംഭിച്ചത്. 81 സാക്ഷികളിൽ 46 പേരുടെ മൊഴികൾ കോടതി പ്രതിക്കു വായിച്ചു കേൾപ്പിച്ചു.
പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ലെന്നു കോടതി നിരീക്ഷിച്ചു. പ്രതിക്ക് മാനസിക പ്രശ്‌നങ്ങൾ ഇല്ലെന്ന സൈക്കോളജി, സൈക്യാട്രി റിപ്പോർട്ടുകളും ശരിവച്ചാണ് ശിക്ഷാവിധി.
2019ലാണ് എല്ലാത്തിന്റേയും തുടക്കം. ചെന്താമരയുടെ അയൽവാസിയായിരുന്നു സജിത. വലിയ അന്ധവിശ്വാസിയായിരുന്ന ഇയാൾ ജ്യോതിഷി പറയുന്നത് പോലെയാണ് ചെയ്തിരുന്നത്. തന്റെ ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം അയൽവാസിയായ സജിതയും പുഷ്പയും ഇവരുടെ കുടുംബങ്ങളുമാണെന്ന സംശയമാണ് സജിതയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. കൊടുവാളുമായി വീട്ടിലേക്ക് കയറിച്ചെന്ന ഇയാൾ സജിതയെ വെട്ടിക്കൊല്ലുകയായിരുന്നു.
കോടതി നടപടികളെ ചെന്താമര നേരിട്ടത് തെല്ലും കൂസലില്ലാതെയായിരുന്നു. കോടതിയെ വെല്ലുവിളിക്കുന്ന ചെന്താമരയുടെ മറുപടികൾ കേട്ടുനിന്നവരെ പോലും ഒന്ന് പേടിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ‘ഞാൻ ഗാന്ധിയല്ല, എനിക്ക് തടസ്സം നിൽക്കുന്നവരോടെല്ലാം എന്റെ പെരുമാറ്റം ഇങ്ങനെയായിരിക്കും, വേണ്ടിവന്നാൽ മറ്റുള്ളവരെയും കൊല്ലും, എന്നെ തൂക്കിക്കൊന്നോളൂ’ എന്നിങ്ങനെയായിരുന്നു പ്രതികരണം. ഇനിയും കുറ്റകൃത്യം ചെയ്യാൻ ഒരുക്കമാണെന്ന പ്രതിയുടെ വാക്കുകൾ എല്ലാവരെയും ഞെട്ടിച്ചിരുന്നു.
കേസിന്റെ നാൾവഴികൾ നോക്കാം
2025 ജനുവരി 27: അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര (60) വെട്ടിക്കൊലപ്പെടുത്തി.
2025 ജനുവരി 28: വനമേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ചെന്താമരയെ രാത്രി 11ഓടെ പോത്തുണ്ടി മാട്ടായി വനത്തിൽ നിന്ന് പൊലീസ് പിടികൂടി.
2025 ഫെബ്രുവരി 5: കൊലപാതകത്തിന് ഉപയോഗിച്ച ആയുധം വാങ്ങിയ എലവഞ്ചേരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.
2025 ഫെബ്രുവരി 18: 2019ൽ സജിതയെ കൊലപ്പെടുത്തിയ കേസിൽ ചെന്താമരയുടെ ജാമ്യം കോടതി റദ്ദാക്കി. ഈ കേസിൽ ഇയാൾക്ക് നേരത്തെ ഇരട്ടജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നു.
2025 ഫെബ്രുവരി 23 – മെയ് 6: കോടതിയിൽ വിചാരണ നടപടികൾ നടന്നു.
2025 മാർച്ച് 3: കേസിലെ പ്രധാന സാക്ഷികളുടെ രഹസ്യമൊഴി ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി.
2025 മാർച്ച് 25: 132 സാക്ഷികളെയും ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തി 480 പേജുള്ള കുറ്റപത്രം പൊലീസ് കോടതിയിൽ സമർപ്പിച്ചു.
2026 ജൂലൈ 13: ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി
2026 ജൂലൈ 20: ഇരട്ടക്കൊലക്കേസിൽ ചെന്താമരയ്ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.




