തിരുവനന്തപുരം: കേരളത്തിൽ നിന്നടക്കം ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിന് കത്തയച്ചു. കേരളത്തിൽ നിന്ന് ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരിൽ വലിയൊരു വിഭാഗവും വിദേശത്ത് ജോലി ചെയ്യുന്നവരാണ്.
ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ നിഷ്കർഷിച്ചിട്ടുള്ള മാതൃകയിലുള്ള മെഡിക്കൽ സ്ക്രീനിങ് സർട്ടിഫിക്കറ്റ് സെപ്റ്റംബർ 15നകം സമർപ്പിക്കാൻ പലർക്കും ബുദ്ധിമുട്ടുണ്ടെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. വിദേശത്തെ സർക്കാർ സംവിധാനങ്ങളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നും ഇത്തരം സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് തടസ്സങ്ങളുണ്ടെന്നും പല സ്ഥാപനങ്ങളും സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിക്കുന്നതായും ചൂണ്ടിക്കാട്ടി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ മെഡിക്കൽ സ്ക്രീനിങ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രവാസികളായ ഹാജിമാർക്ക് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ പ്രത്യേക സമയപരിധി അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മലയാളികൾ ഉൾപ്പെടെയുള്ള എല്ലാ തീർഥാടകർക്കും ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം സുഗമമായി നിർവഹിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും എൻ. ഷംസുദ്ദീൻ കേന്ദ്ര മന്ത്രിയോട് കത്തിലൂടെ അഭ്യർത്ഥിച്ചു.












