ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിൽ കേസുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി അഭിഭാഷക ദീപാ ജോസഫിനെതിരെ കേസിലെ ആദ്യ അതിജീവിത പരാതി നൽകി. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമാണ് അതിജീവിത പരാതി സമർപ്പിച്ചത്. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ദീപാ ജോസഫ് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. താൻ സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും തുടർച്ചയായി അപമാനിക്കപ്പെടുന്നു എന്നും അതിജീവിതയുടെ പരാതിയിൽ പറയുന്നു.
ദീപാ ജോസഫ് നിരന്തരം തന്നെ വേട്ടയാടുകയാണെന്നും, വിഷയങ്ങൾ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി നിയമനടപടികൾ സ്വീകരിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. ദീപ ജോസഫിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
ഇതിനിടെ, ഡൽഹിയിലെ കേരള ഹൗസ് വളപ്പിൽ നടന്ന സംഭവങ്ങളും വിവാദമായിട്ടുണ്ട്. മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കെത്തിയ സാഹചര്യത്തിൽ മാധ്യമപ്രവർത്തകരോട് ദീപാ ജോസഫ് അപമര്യാദയായി പെരുമാറിയതായും റിപ്പോർട്ടുണ്ട്. ലൈവ് റിപ്പോർട്ടിംഗ് നടത്തുകയായിരുന്ന മാധ്യമപ്രവർത്തകരോട് അവരെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിക്കുകയും, മൈക്ക് പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്തുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിൽ കേസുമായി ബന്ധപ്പെട്ട അതിജീവിതയെ കുറിച്ചുള്ള പരാമർശങ്ങളും മാധ്യമപ്രവർത്തകരോട് നടത്തിയ പ്രതികരണങ്ങളും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വനിതാ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ്‌സ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് സംഘടന വ്യക്തമാക്കി. വിഷയത്തിൽ വിവിധ സംഘടനകളും പ്രതികരിച്ചിരിക്കുകയാണ്, കേസ് വീണ്ടും നിയമപരമായും പൊതുചർച്ചയിലേക്കും കടന്നിരിക്കുകയാണ്.






