ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് ഇതുവരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. സംഭവങ്ങളിൽ 18 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥന് പരിക്കേറ്റ സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പൊലീസ് സൂചന നൽകി.
മാധ്യമപ്രവർത്തകയെ ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന എസിപി വിവേക് ഭഗത്തിനെതിരായ ദൃശ്യങ്ങൾ വ്യാജമാണെന്ന നിലപാടിലാണ് ഡൽഹി പൊലീസ്. എസിപിയെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് വ്യാജ പോസ്റ്റർ നിർമിച്ച് പ്രചരിപ്പിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി. വ്യാജ പ്രചാരണത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും പൊലീസ് അറിയിച്ചു.




