ന്യൂഡൽഹി: ഡൽഹിയിലെ പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികൾ ചോദ്യംചെയ്യുന്ന ഹർജികൾ സുപ്രീംകോടതി ഞായറാഴ്ച രാവിലെ പ്രത്യേക സിറ്റിങ്ങിൽ പരിഗണിക്കും. അതേസമയം, ഹർജികളിൽ ഉന്നയിച്ച വിഷയങ്ങൾ നിലവിൽ അപ്രസക്തമായെന്നാണ് കേന്ദ്രസർക്കാർ വാദിച്ചേക്കുക. ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ തുറന്നതും സെൻട്രൽ ഡൽഹിയിലെ മൊബൈൽ ഇന്റർനെറ്റ് നിരോധനം പിൻവലിച്ചതും ചൂണ്ടിക്കാട്ടിയാകും കേന്ദ്രത്തിന്റെ വാദം.
എന്നാൽ, പ്രതിപക്ഷ നേതാക്കളടക്കമുള്ള സമരക്കാരെ പൊലീസ് തടഞ്ഞുവെച്ചതും അവരുടെ വസതികളിൽനിന്ന് കസ്റ്റഡിയിലെടുത്തതും നിയമവിരുദ്ധമാണെന്ന് ഹർജിക്കാർ കോടതിയിൽ ഉന്നയിക്കും. നഗരത്തിലെ വിവിധ റോഡുകളിൽ ഇപ്പോഴും കടുത്ത നിയന്ത്രണങ്ങൾ തുടരുന്നതും ചൂണ്ടിക്കാട്ടും.
സമരക്കാർക്കെതിരായ പൊലീസ് നടപടികൾ ചോദ്യംചെയ്ത് തൃണമൂൽ കോൺഗ്രസ് എം.പിയും മുതിർന്ന അഭിഭാഷകയുമായ മാനേക ഗുരുസ്വാമി നൽകിയ ഹർജിയും മെട്രോ സ്റ്റേഷനുകളും റോഡുകളും പൂർണമായി അടയ്ക്കരുതെന്ന സുപ്രീംകോടതി ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് ശൈലേന്ദ്ര മണി ത്രിപാഠി നൽകിയ കോടതിയലക്ഷ്യ ഹർജിയുമാണ് കോടതി പരിഗണിക്കുന്നത്.
അവധി ദിവസമായിട്ടും ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് പ്രത്യേക സിറ്റിങ് നടത്തുന്നത്. നാല് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ശനിയാഴ്ച ഡൽഹി പൊലീസ് കരുതൽ തടങ്കലിലാക്കിയ നടപടിയും മാനേക ഗുരുസ്വാമിയുടെ ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം തടയരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.




