ന്യൂഡൽഹി: ഡൽഹിലേക്ക് പോകുന്ന വന്ദേ ഭാരത് എക്സ്പ്രസിൽ ചോർച്ച. വരാണസി – ന്യൂ ദില്ലി വന്ദേഭാരത് ട്രെയിനിലാണ് എസി പ്രവർത്തനരഹിതമായതോടെ കോച്ചിന്റെ മേൽക്കൂരയിൽ ചോർച്ചയുണ്ടായത്. ദർശിൽ മിശ്ര എന്ന യാത്രക്കാരൻ സംഭവം വീഡിയോ എടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
‘വന്ദേഭാരത് ട്രെയിനിൽ എ സി പ്രവർത്തിക്കുന്നില്ല. വെള്ളം ചോരുകയാണ്. പ്രീമിയം നിരക്ക് ഉണ്ടായിരുന്നിട്ടും വളരെ അസ്വസ്ഥമായ യാത്രയാണ്. നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. ദയവായി അത് പരിശോധിക്കണമെന്നും’ വീഡിയോ പങ്കുവെച്ചുകൊണ്ട് മിശ്ര എക്സിൽ കുറിച്ചു’. വീഡിയോ വെെറലായതോടെ പ്രതികരണവുമായി റെയിൽവെ സേവ രംഗത്തെത്തി.
റിട്ടേൺ എയർ ഫിൽട്ടർ എസി ഡ്രെയിനിലെ ദ്വാരങ്ങൾ അടഞ്ഞുപോയതിനാലാണ് വെള്ളം ചോർന്നതെന്നും സിസ്റ്റത്തിനുള്ളിൽ വെള്ളം അടിഞ്ഞുകൂടുകയും, ട്രെയിൻ ബ്രേക്ക് ചെയ്തപ്പോൾ വെള്ളം എയർ ഡക്റ്റിലേക്ക് ഒഴുകുകയും യാത്രക്കാരുടെ ഭാഗത്തേക്ക് ചോർന്നൊലിക്കുകയും ചെയ്തുവെന്നാണ് റെയിൽവെ വ്യക്തമാക്കിയത്. ട്രെയിൻ തിരിച്ചുപോകുന്നതിന് മുമ്പ് ന്യൂഡൽഹി സ്റ്റേഷനിൽ വെച്ച് കേടായ ഡ്രിപ്പ് ട്രേ വൃത്തിയാക്കിയതായും റെയിൽവെ കൂട്ടിച്ചേർത്തു.










