തിരുവനന്തപുരം: കോണ്‍ഗ്രസ് വനിതാ നേതാവ് എംഎ ഷഹനാസിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. വാര്‍ത്താസമ്മേളനത്തില്‍ തന്നെ മോശക്കാരനാക്കി ചിത്രീകരിച്ചുവെന്നും 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നോട്ടീസ്. എംഎ ഷഹനാസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ല. 100 പാവപ്പെട്ടവര്‍ക്ക് വീട് വെച്ച് കൊടുക്കുന്ന പദ്ധതി നടപ്പാക്കുന്നുണ്ടെന്നും നഷ്ടപരിഹാര തുക ഇതിനായി ചിലവഴിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.
ബലാത്സംഗക്കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നടത്തിയ പരാമര്‍ശങ്ങളില്‍ രൂക്ഷ പ്രതികരണവുമായി എംഎ ഷഹനാസ് രംഗത്തെത്തിയിരുന്നു. രാഹുലും താനുമായും ഒരു സൗഹൃദവും ഇല്ലെന്നും തമ്മില്‍ ഒരു സെല്‍ഫി പോലും എടുത്തിട്ടില്ലെന്നും എംഎ ഷഹനാസ് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. തനിക്കെതിരെ ആരോപണമുന്നയിച്ച ഷഹനാസ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനടക്കം തന്നെ ക്ഷണിച്ചിരുന്നുവെന്ന രാഹുലിന്റെ പരാമര്‍ശം കള്ളമാണെന്നും അവര്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന കോഴിയെ തിരിച്ചറിയാന്‍ ഒരു സ്ത്രീയ്ക്കും ബുദ്ധിമുട്ടുമില്ല, കാണണമെന്ന് പറഞ്ഞ് ലിറ്ററേച്ചര്‍ ഫെസ്റ്റ് നടത്താന്‍ അവന്‍ നിരന്തരം എന്നോട് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ഷഹനാസിന്റെ പ്രതികരണം. രാഹുല്‍ മാങ്കൂട്ടം ഒരു ‘കോഴി’ ആണെന്ന് എനിക്ക് പണ്ടേ അറിയാം. രാഹുല്‍ ആരോപിച്ച വിഷയങ്ങളില്‍ അഴിഞ്ഞു വീഴാനുള്ള ഒന്നും തനിക്കില്ല. രാഹുലിന്റെ മുഖത്ത് നോക്കി സംസാരിക്കാനുള്ള ആര്‍ജവം തനിക്കുണ്ട്. പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയാണ്. രാഹുലിന് തന്റെ മുന്നിലിരിക്കാന്‍ ധൈര്യമുണ്ടോ ? രാഹുലിന്റെ വീട്ടില്‍ വന്ന് സംസാരിക്കാന്‍ താന്‍ തയ്യാറാണെന്നും ഷഹനാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.










