പാലക്കാട്: കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച ദേവരഥ സംഗമം ഇന്ന് നടക്കും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്‍വശത്തുള്ള തേരുമുട്ടിയില്‍ ത്രിസന്ധ്യയ്ക്കു ദേവരഥങ്ങള്‍ മുഖാമുഖം എത്തുന്നതോടെ കല്‍പാത്തി ദേവരഥ സംഗമമാകും. നാളെയാണ് രഥോത്സവത്തിന്റെ കൊടിയിറക്കം.
കേരളത്തിലെ ക്ഷേത്രോത്സവങ്ങളില്‍ ഏറ്റവും ആകര്‍ഷകമായ ഉത്സവങ്ങളില്‍ ഒന്നായ കല്‍പാത്തി രഥോത്സവത്തിന് ഇന്ന് സമാപനം. വേദ പാരായണവും കലാ സാംസ്‌കാരിക പരിപാടികളുമായി പത്ത് ദിവസം നീണ്ടു നിന്ന ആഘോഷങ്ങള്‍ക്കാണ് സമാപനമാകുന്നത്. തേരുത്സവത്തിന്റെ മൂന്നാംദിവസമായ ഇന്ന് പഴയ കല്‍പാത്തി ലക്ഷ്മി നാരായണ പെരുമാള്‍, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളില്‍ രാവിലെ രഥാരോഹണം നടക്കും.
വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി, ഗണപതി, വള്ളിദൈവാന സമേത സുബ്രഹ്മണ്യസ്വാമി, മന്തക്കര മഹാഗണപതി തേരുകളാണു പ്രദക്ഷിണ വഴികളിലുള്ളത്. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്‍വശത്തുള്ള തേരുമുട്ടിയില്‍ ത്രിസന്ധ്യയ്ക്കു ദേവരഥങ്ങള്‍ മുഖാമുഖം എത്തുന്നതോടെ കല്‍പാത്തി ദേവരഥ സംഗമമാകും. പതിനായിരങ്ങള്‍ ആ കാഴ്ച കാണാന്‍ ഒഴുകി എത്തും. സംഗമത്തിനു ശേഷം ഇനിയുള്ള ഒരു വര്‍ഷം അടുത്ത ഉത്സവത്തിനായുള്ള കാത്തിരിപ്പാണ്.










