കോട്ടയം: കോട്ടയം മെഡിക്കൽ കോളജിന്റെ മുഖച്ഛായ മാറ്റുന്ന 283 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം ഈ മാസം 16-ാം തീയതി തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കിഫ്ബി ധനസഹായത്തോടെ 257 കോടി രൂപ ചെലവിൽ നിർമ്മിച്ച അത്യാധുനിക സർജിക്കൽ ബ്ലോക്കിന്റെ സമർപ്പണമാണ് ചടങ്ങിലെ പ്രധാന ആകർഷണം. ഉച്ചകഴിഞ്ഞ് മൂന്നിന് മെഡിക്കൽ കോളജ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഏകദേശം 33,642 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പുതിയ സർജിക്കൽ ബ്ലോക്കിൽ 526 കിടക്കകൾ, 44 ഐ.സി.യു. കിടക്കകൾ, 14 ഓപ്പറേഷൻ തിയറ്ററുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ 256 സ്ലൈസ് സി.ടി. സ്‌കാൻ, 3 ടെസ്ല എം.ആർ.ഐ, ഡിജിറ്റൽ റേഡിയോഗ്രഫി, ഫ്ലൂറോസ്‌കോപ്പി തുടങ്ങിയ അത്യാധുനിക പരിശോധനാ സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സർജിക്കൽ ബ്ലോക്കിന് പുറമെ മറ്റ് 14 പ്രധാന വികസന പദ്ധതികളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.
7.88 കോടി രൂപയുടെ കാത്ത് ലാബ്, ആറുകോടി രൂപയുടെ പാരാമെഡിക്കൽ ഹോസ്റ്റൽ (ഒന്നാം ഘട്ടം), ക്യാൻസർ ബ്ലോക്കിലെ സി.ടി സ്‌കാനിംഗ് സംവിധാനം, നവീകരിച്ച കവാടം, മാതൃ-നവജാത ശിശുപരിചരണ യൂണിറ്റ്, സ്കിൻ ബാങ്ക്, ക്രെഷ് തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്ന മറ്റ് പ്രധാന പദ്ധതികൾ. കൂടാതെ എ.ബി.സി ബ്ലോക്കിൽ നിർമ്മിക്കുന്ന പുതിയ ടോയ്ലറ്റ് ബ്ലോക്കിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിക്കും.
ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ സ്വാഗതം ആശംസിക്കും. എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിക്കും.






