ഇസ്ലാമാബാദ്: പാക് അധീന കശ്മീരിന്റെ (പി.ഒ.കെ.) തലപ്പത്ത് വരാൻ താല്പര്യം പ്രകടിപ്പിച്ച് പാകിസ്താൻ മുൻ പ്രധാനമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സഹോദരനുമായ നവാസ് ഷെരീഫ്. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടർന്ന് കലങ്ങിമറിയുന്ന പാക് അധീന കശ്മീരിന്റെ പ്രധാനമന്ത്രിയാകാനാണ് നവാസ് ഷെരീഫ് ആഗ്രഹിക്കുന്നത്. പി.ഒ.കെ തലസ്ഥാനമായ മുസഫറാബാദിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് നവാസ് ഷെരീഫ് തന്റെ ആഗ്രഹം വ്യക്തമാക്കിയത്.
കശ്മീർ തന്റെ ‘രണ്ടാമത്തെ വീട്’ ആണെന്നും തന്റെ പൂർവികർ അവിടെ നിന്ന് കുടിയേറിയവരാണെന്നും അദ്ദേഹം പ്രസംഗത്തിൽ ഓർമിപ്പിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ പാകിസ്താൻ മുസ്ലിം ലീഗ്-നവാസ് (പി.എം.എൽ-എൻ) വിജയിച്ചാൽ, തന്നെ പാക് അധീന കശ്മീരിന്റെ പ്രധാനമന്ത്രിയാക്കാൻ സഹോദരനും നിലവിലെ പാക് പ്രധാനമന്ത്രിയുമായ ഷെഹ്ബാസ് ഷെരീഫിനോട് ആവശ്യപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ജൂലായ് 27-നും ആഗസ്റ്റ് 10-നും ഇടയിലാണ് പാക് അധീന കശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെഡറൽ സർക്കാരിലെ സഖ്യകക്ഷിയായ പാകിസ്താൻ പീപ്പിൾസ് പാർട്ടിക്കെതിരെയാണ് (പി.പി.പി) ഷെരീഫിന്റെ പാർട്ടി ഇവിടെ മത്സരിക്കുന്നത്. പാകിസ്താൻ ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധങ്ങൾ പ്രദേശത്ത് നടക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പ്. ഇതിനെതിരെ ശക്തമായി തന്നെയാണ് ഇന്ത്യ പ്രതികരിച്ചിരിക്കുന്നത്.












