കൊച്ചി: മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ പൊന്നാനി ബലാത്സംഗക്കേസ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഐപിഎസ് ഉദ്യോഗസ്ഥയായ പൂങ്കുഴലിയാണ് എസ്‌ഐടിക്ക് നേതൃത്വം നൽകുന്നത്.
കേസിൽ മലപ്പുറം മുൻ എസ്.പി സുജിത് ദാസ്, ഡിവൈഎസ്പി വി.വി. ബെന്നി, മുൻ സി.ഐ വിനോദ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. എസ്.പി സുജിത് ദാസിനെതിരായ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് എസ്.പി സി.എസ്. ഷാഹുൽ ഹമീദും, ഡിവൈഎസ്പി വി.വി. ബെന്നിക്കെതിരായ കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പീറ്ററും, സി.ഐ വിനോദിനെതിരായ കേസ് ഡിവൈഎസ്പി റിജോ പി. ജോസഫും അന്വേഷിക്കും.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ അതിജീവിതയുടെ മൊഴി എസ്‌ഐടി രേഖപ്പെടുത്തി. 12 മണിക്കൂറിലധികം നീണ്ട മൊഴിയെടുപ്പിലാണ് പരാതിയിലെ വിശദാംശങ്ങൾ ശേഖരിച്ചത്. മൂന്ന് പ്രതികൾക്കുമെതിരെ ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ജീവപര്യന്തം തടവ് വരെ ലഭിക്കാവുന്ന വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
2022 ജനുവരിയിലാണ് പരാതിക്ക് ആധാരമായ സംഭവങ്ങൾ നടന്നതെന്നാണ് അതിജീവിതയുടെ ആരോപണം. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട പരാതിയുമായി പൊന്നാനി പൊലീസിനെ സമീപിച്ചപ്പോഴാണ് മുൻ സി.ഐ വിനോദ് വീട്ടിലെത്തി ലൈംഗികാതിക്രമം നടത്തിയതെന്നും, തുടർന്ന് ഡിവൈഎസ്പി വി.വി. ബെന്നിയും പിന്നീട് മലപ്പുറം എസ്.പി ആയിരുന്ന സുജിത് ദാസും തന്നെ പീഡിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.
സംഭവത്തിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ സംസ്ഥാന പൊലീസ് മേധാവിക്കും യുവതി പരാതി നൽകിയിരുന്നുവെങ്കിലും കേസ് രജിസ്റ്റർ ചെയ്തില്ലെന്നാണ് ആരോപണം. തുടർന്ന് സംഭവം മാധ്യമങ്ങളിൽ പുറത്തുവന്നതോടെയാണ് കേസ് വിവാദമായത്. ആരോപണങ്ങൾ മുൻ സി.ഐ വിനോദ് നിഷേധിച്ചിരുന്നു.


