11 വർഷങ്ങൾക്കിടയിൽ മൂന്ന് ചിത്രങ്ങള്‍ മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാണ് എന്ന ചോദ്യത്തിന് എപ്പോഴും ലഭിക്കുന്ന മറുപടികളില്‍ ഒന്നുതന്നെയാണ് ആട്. 2015 ല്‍ എത്തിയ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം തിയറ്ററില്‍ പരാജയപെട്ടു എങ്കിലും പിന്നീട് ടെലിവിഷന്‍, വിസിഡി കാഴ്ചകളില്‍ വന്‍ ജനപ്രീതി നേടിയിരുന്നു . 2017 ല്‍ പുറത്തെത്തിയ രണ്ടാം ഭാഗം ആദ്യ ഭാഗത്തിന് നേടാനാവാതെ പോയ തിയറ്റര്‍ വിജയം നേടി. ഇപ്പോഴിതാ നീണ്ട ഒന്‍പത് വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ മൂന്നാം ഭാഗം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഈ വര്‍ഷം ഏറ്റവും ഹൈപ്പോടെ എത്തിയ മലയാള ചിത്രം കൂടിയാണ് ആട്3 . ആദ്യ പ്രദർശനത്തിന് ശേഷം ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങളും പ്രേക്ഷകരില്‍ നിന്നും എത്തിയിട്ടുണ്ട്.
ആദ്യ പ്രതികരണങ്ങള്‍ക്കായി അണിയറ പ്രവർത്തകർ ആശങ്കയോടെയാണ് കാത്തിരുന്നത് . എന്നാല്‍ ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് ആ ആശങ്കയെ മറികടന്നിരിക്കുന്നു എന്നതാണ് തിയറ്ററുകളില്‍ നിന്നും ലഭിക്കുന്ന ആദ്യ റിപ്പോര്‍ട്ടുകള്‍. ഈ ഫ്രാഞ്ചൈസിയെ ജനം എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് ആദ്യ ഷോകള്‍ക്ക് കേരളത്തില്‍ അങ്ങോളമിങ്ങോളം നിന്നും ലഭിച്ച ആവേശകരമായ അഭിപ്രായങ്ങൾ. ആദ്യ രണ്ട് ഭാഗങ്ങളില്‍ നിന്ന് ചിത്രത്തെ വ്യത്യസ്തമാക്കുന്നത് പല സ്ഥലകാലങ്ങളില്‍ കഥ പറയുന്നു എന്നതാണ്. അതേസമയം ഫ്രാഞ്ചൈസിയിലെ അതേ കഥാപാത്രങ്ങളെ തന്നെയാണ് വ്യത്യസ്ത കാലങ്ങളില്‍ സംവിധായകന് മിഥുന് മാനുവല്‍ തോമസ് അവതരിപ്പിച്ചിരിക്കുന്നതും.
കണ്ടു പരിചയമുള്ള കഥാപാത്രങ്ങളായതിനാല്‍ ഓരോരുത്തരുടെയും ഇന്‍ട്രൊ സീനുകൾക്കും തിയറ്ററുകളില്‍ കൈയടി ഉണ്ടായിരുന്നു. ഫസ്റ്റ് ഹാഫില്‍ ഏറ്റവുമധികം കൈയടികള്‍ ലഭിച്ചത് ധര്‍മ്മജന്റെ കഥാപാത്രത്തിന് തന്നെയാണ് . കോമഡികളില്‍ പലതിലും തിയറ്ററില്‍ പ്രേക്ഷകർ പൊട്ടിചിരിച്ചപ്പോൾ കഥാപാത്രങ്ങള്‍ക്ക് ഷാന്‍ റഹ്മാന് നല്‍കിയിട്ടുള്ള പശ്ചാത്തല സംഗീതത്തിനും അതേപോലെ തന്നെ കൈയടി ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ ഫൈനല്‍ ആക്റ്റിനും സിനിമാപ്രേമികള്‍ മികച്ച മാര്‍ക്ക് നൽകിയിട്ടുണ്ട് . ആദ്യ ഷോകള്‍ക്ക് ഇപ്പുറം ലഭിക്കുന്ന അഭിപ്രായങ്ങള്‍ അടുത്ത ഷോകള്‍ക്കും തുടര്‍ന്നാല്‍ ഈ വര്‍ഷം മലയാളത്തിലെ ആദ്യ മികച്ച കളക്ഷൻ നേടുന്ന ചിത്രമായി മാറും ആട് 3.






