കോട്ടയം: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ നാലര വർഷക്കാലം നടപ്പിലാക്കിയ വികസന പദ്ധതികളുടെ സമ്പൂർണ്ണ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി. മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ, പൗരപ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിലാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.
സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു നിയമസഭാ മണ്ഡലത്തിന്റെ സമ്പൂർണ്ണ വികസന രേഖ പ്രിന്റ്, ഡിജിറ്റൽ എഡിഷനുകളായി ജനങ്ങൾക്കു മുന്നിൽ സമർപ്പിക്കുന്നത്. ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാരെന്നും ജനപ്രതിനിധികൾ സേവകരാണെന്നുമുള്ള കാഴ്ചപ്പാടിലൂന്നി, നടപ്പിലാക്കിയ പദ്ധതികൾ ജനകീയ ഓഡിറ്റിങ്ങിന് വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
2021 ജൂലൈ 17-ന് ചേർന്ന ആദ്യ വികസന ശില്പശാലയിലൂടെ രൂപീകരിച്ച വികസനരേഖയുടെ അടിസ്ഥാനത്തിലാണ് മണ്ഡലത്തിലെ പ്രവർത്തനങ്ങൾ മുന്നോട്ടുപോയത്. തുടർന്ന് 2023-ൽ പദ്ധതികളുടെ അവലോകനം നടത്തുകയും ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളിൽ പ്രത്യേക കോൺക്ലേവുകൾ സംഘടിപ്പിച്ച് ജനകീയ അഭിപ്രായങ്ങൾ സമാഹരിക്കുകയും ചെയ്തു.
ഇത്തരത്തിൽ ഓരോ ഘട്ടത്തിലും ജനങ്ങളെ നേരിട്ട് പങ്കാളികളാക്കി വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും അവയുടെ പുരോഗതി റിപ്പോർട്ടായി സമർപ്പിക്കുന്നതും കേരളത്തിന്റെ ഭരണനിർവഹണ ചരിത്രത്തിൽ പുതിയ മാതൃകയാണ്.
ചടങ്ങിൽ അതിരമ്പുഴ കവലയുടെ വികസനത്തിനായി നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് റവ. ഫാദർ മാണി പുതിയിടം സംസാരിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കോട്ടയം മെഡിക്കൽ കോളേജിൽ നടപ്പിലാക്കിയ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികളെക്കുറിച്ച് സൂപ്രണ്ട് ഡോ. ജയകുമാർ വിശദീകരിച്ചു.
വർഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതികൾ തടസ്സങ്ങൾ നീക്കി വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞത് എൽ.ഡി.എഫ് സർക്കാരിന്റെ വികസന കാഴ്ചപ്പാടിന്റെ ഫലമാണെന്നും, ഏറ്റുമാനൂരിന്റെ മുഖഛായ മാറ്റുന്ന വികസന പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്നും റിപ്പോർട്ട് പ്രകാശിപ്പിച്ചുകൊണ്ട് അധികൃതർ വ്യക്തമാക്കി.




