ഇടുക്കി: ഉടുമ്പൻചോലയിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശിയായ റിമുവിനെയാണ് ഉടുമ്പൻചോല പൊലീസ് പിടികൂടിയത്. പ്രതിയിൽ നിന്ന് വ്യാജ ആധാർ കാർഡും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയാണ് വീട്ടുപരിസരത്ത് നിന്ന് പെൺകുട്ടിയെ ഇയാൾ ബലമായി കൊണ്ടുപോകാൻ ശ്രമിച്ചത്.
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ ആരംഭിച്ചു. തുടർന്ന് രാത്രി ഏഴരയോടെ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. സംഭവത്തെക്കുറിച്ച് വീട്ടുകാരെ അറിയിച്ചതിന് പിന്നാലെ അവർ പൊലീസിൽ പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റിമുവിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾക്ക് 20 വയസുണ്ടെന്നാണ് പറഞ്ഞത്. എന്നാൽ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ 16 വയസ്സ് രേഖപ്പെടുത്തിയ ആധാർ കാർഡ് കണ്ടെത്തി. പിന്നീട് നടത്തിയ പരിശോധനയിൽ ഇത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.
വ്യാജരേഖ ചമച്ചതിനടക്കമുള്ള വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ നടപടികൾ തുടരുകയാണ്. നാലുമാസം മുമ്പാണ് റിമു ഉടുമ്പൻചോലയിൽ എത്തിയത്. ഈ കാലയളവിൽ പ്രദേശത്ത് നടന്ന മറ്റൊരു പെൺകുട്ടിയുടെ മരണവുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.


