കോട്ടയം: 2025-2026 ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്കായി കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ചുക്കുകാപ്പി വിതരണം തുടങ്ങി. ദീർഘദൂര യാത്ര ചെയ്തെത്തുന്ന ഡ്രൈവർമാരിൽ വിശ്രമവും ഉന്മേഷവും നൽകി അപകടങ്ങൾ കുറയ്ക്കുന്നതിനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
കോട്ടയം ജില്ലാ പോലീസ് മേധാവി ശ്രീ. ഷാഹുൽ ഹമീദ് ചുക്കുകാപ്പി വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പാലാ സബ് ഡിവിഷന്റെ ജില്ലാ അതിർത്തിയായ നെല്ലാപ്പാറയിലും, കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിലെ പൊൻകുന്നത്തുമായിരുന്നു ആദ്യഘട്ട ഉദ്ഘാടനം. കഴിഞ്ഞ ദിവസം എരുമേലി മാക്കിൽ കവലയിലും ജില്ലാ പോലീസ് മേധാവി ചുക്കുകാപ്പി വിതരണം ഉദ്ഘാടനം ചെയ്തു. പൊൻകുന്നത്ത് കഴിഞ്ഞ 15 വർഷമായി മണ്ഡല മകരവിളക്ക് കാലത്ത് ചുക്കുകാപ്പി വിതരണം നടത്തിവരുന്നുണ്ട്.
പാലാ സബ് ഡിവിഷനിലെ പോലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ നെല്ലാപ്പാറയിൽ എല്ലാ ദിവസവും രാത്രികാലങ്ങളിൽ ചുക്കുകാപ്പി വിതരണം തുടരും. ദൂരസ്ഥലങ്ങളിൽ നിന്നും വാഹനങ്ങളിലെത്തുന്ന അയ്യപ്പഭക്തർക്ക് വിശ്രമിച്ച് യാത്ര തുടരാനും, ഡ്രൈവർമാരിലെ ഉറക്കവും അശ്രദ്ധയും കുറയ്ക്കാനും, പാതയുടെ പ്രത്യേകതകൾ മനസ്സിലാക്കാതെ വാഹനം ഓടിക്കുന്നത് വഴിയുണ്ടാകുന്ന അപകടങ്ങൾ ലഘൂകരിക്കുന്നതിനും വേണ്ടിയാണ് ജില്ലാ പോലീസ് ഇത്തരം സുരക്ഷാ സംരംഭങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്.
ഉദ്ഘാടന ചടങ്ങുകളിൽ പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. സദൻ കെ., കാഞ്ഞിരപ്പള്ളി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. സാജുവർഗീസ്, രാമപുരം സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ. ദീപക് കെ., പാലാ സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ. കുര്യാക്കോസ്, മേലുകാവ് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ. റെനീഷ്, കരിങ്കുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ. അഭിലാഷ്, പള്ളിക്കത്തോട് സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ. രാജേഷ്, കാഞ്ഞിരപ്പള്ളി സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ. ശ്യാം കുമാർ, പൊൻകുന്നം എസ്.ഐ. ശ്രീ. ടോമിൻ ജോസ് എന്നിവരും, വ്യാപാര വ്യവസായികളും, നാട്ടിലെ പ്രമുഖ വ്യക്തികളും പങ്കെടുത്തു.
കൂടാതെ, നെല്ലാപ്പാറ മുതൽ ശബരിമല വരെയും മുണ്ടക്കയം മുതൽ ശബരിമല വരെയും ഉള്ള പാതകളിലെ അപകട സാധ്യതയുള്ള പ്രദേശങ്ങൾ ഭക്തർക്ക് പരിചയപ്പെടുത്തുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക നോട്ടീസ് വിതരണം ചെയ്യാനും തീരുമാനിച്ചു. അപകട മേഖലകളുടെ ചിത്രങ്ങളും വിവിധ ഭാഷകളിലുള്ള വിവരണങ്ങളും ആവശ്യഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും ഈ നോട്ടീസുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.




