കൊടും ചൂടാണ് കേരളത്തില്‍ ഇപ്പോള്‍. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സൂര്യാഘാതം ഏല്‍ക്കാവുന്ന അവസ്ഥ. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. സൂര്യാതപം (Sunburn) ചര്‍മ്മത്തെ ആണ് കൂടുതലായും ബാധിക്കുന്നത്. അധികനേരം വെയിലേറ്റ ഭാഗങ്ങളില്‍ തൊലിപ്പുറത്ത് ആദ്യം മുളകരച്ചു പുരട്ടിയ പോലുള്ള നീറ്റലോ, വെള്ളം വീഴുമ്പോള്‍ പുകച്ചിലോ തോന്നും. ഒന്ന് രണ്ടുദിവസത്തിനകം തൊലിയുടെ മേല്‍പ്പാളി പൊളിഞ്ഞിളകും.
ഗുരുതരമായ സൂര്യാഘാതം രണ്ടുതരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാം. രണ്ടോ മൂന്നോ ദിവസങ്ങള്‍കൊണ്ട് സാവധാനം രൂപപ്പെടുന്നതാണ് ഒന്നാമത്തേത്. മുതിര്‍ന്നവരിലും പ്രായമായവരിലും ഇതുണ്ടാകും. ആവശ്യത്തിന് വെള്ളം കുടിക്കാതെ അമിത ചൂടുള്ള അന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്കാണ് ഈ പ്രശ്‌നമുണ്ടാകുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനമാന്ദ്യമാണ് സൂര്യാഘാതത്തിന്റെ മുഖ്യലക്ഷണം. അസാധാരണമായ പെരുമാറ്റം, സ്ഥലകാല വിഭ്രാന്തി, ആശയക്കുഴപ്പം തുടങ്ങിയവ മുതല്‍ അപസ്മാര ചേഷ്ടകള്‍ക്കും തുടര്‍ന്ന് ഗാഢമായ അബോധാവസ്ഥക്കും വരെ കാരണമാകും.
രണ്ടാമത്തേത്, മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്തവരില്‍ അമിത ചൂട് ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്നത്. പേശികളിലെ പ്രോട്ടീനുകള്‍ വിഘടിക്കുകയും ഇത് വൃക്കകളില്‍ അടിഞ്ഞുകൂടി വൃക്കസ്തംഭനം ഉള്‍പ്പടെയുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഇതില്‍ ശരീരം വിയര്‍ത്ത് നനഞ്ഞിരിക്കും.
സൂര്യാഘാതമുണ്ടായാല്‍ ഉടന്‍തന്നെ ശരീരം തണുപ്പിക്കുന്നതിന് തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണനിരക്ക് 60-75 ശതമാനം വരെയാകാം. സൂര്യാഘാതത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്കുപോലും 20 ശതമാനത്തിനും തലച്ചോറില്‍ സ്ഥായിയായ വൈകല്യമുണ്ടാകാനിടയുണ്ട്. ഓര്‍മക്കുറവ്, നാഡീഞരമ്പുകളുടെ തളര്‍ച്ച എന്നിവ കൂടാതെ വൃക്ക തകരാറുകളും തുടരാനിടയുണ്ട്.
സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍
വിളര്‍ച്ച ബാധിച്ച പോലത്തെ ചര്‍മ്മം
ക്ഷീണം
ഓക്കാനവും ചെറിയ തലകറക്കവും
സാധാരണയിലധികമായി വിയര്‍ക്കുക
ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്
വേഗം കൂടിയ ശ്വാസമെടുപ്പ്
പേശികളുടെ കോച്ചിപ്പിടുത്തം
ഉടനെ ചികിത്സ ലഭ്യമാക്കേണ്ട അവസരങ്ങള്‍
ചര്‍മ്മം ഒട്ടും തന്നെ വിയര്‍ക്കാതെ, കടുത്ത ചൂടും വരള്‍ച്ചയും അനുഭവപ്പെടുന്നത്
സ്ഥലകാലമില്ലാത്ത പെരുമാറ്റം, ബോധക്ഷയം
വിങ്ങുന്ന പോലെ തോന്നുന്ന തലവേദന
ചര്‍ദ്ദി, ശ്വാസംമുട്ടല്‍




