അത്താഴത്തിന് അധികമായി മാംസാഹാരങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇത് ദഹനക്കേടു ഉണ്ടാവാനും ശരീരഭാരം വർധിക്കാനും കാരണമാകാം. രാത്രിയിൽ അമിത അളവിൽ, ഉയർന്ന കലോറിയുള്ള മാംസവിഭവങ്ങൾ പതിവായി കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമായേക്കാം. ഭാരം കൂടുമ്പോൾ പ്രമേഹ സാധ്യതയും വർധിക്കാം. പ്രോസസ് ചെയ്തതും കൊഴുപ്പു കൂടുതലുള്ളതുമായ മാംസം പതിവായി കഴിക്കുന്നതും അനാരോഗ്യകരമായ ജീവിതശൈലിയും ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.
മട്ടൻ, ബീഫ്, പോർക്ക് എന്നിവയാണ് പൊതുവെ റെഡ്മീറ്റ് ആയി പരിഗണിക്കുന്നത്. റെഡ്മീറ്റ് പ്രത്യേകിച്ച്, പ്രോസസ് ചെയ്ത റെഡ്മീറ്റ് പതിവായി അമിതമായി കഴിക്കുന്നത് ഹൃദ്രോഗം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുടെ സാധ്യത വർധിപ്പിക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. റെഡ്മീറ്റിന്റെ അളവ് കൂടിയാൽ യൂറിക് ആസിഡ് വർധിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.
മാംസവിഭവങ്ങൾ ദഹിക്കുന്നതിന് ഏറെ സമയം ആവശ്യമാണ്. അതിനു കാരണം മാംസത്തിലെ ഉയർന്ന അളവിലുള്ള പ്രോട്ടീൻ ദഹിക്കുന്നതിന് ഏറെ സമയമെടുക്കുമെന്നതാണ്. എണ്ണയും കൊഴുപ്പുമെല്ലാം ഏറെയുള്ള മാംസ വിഭവങ്ങൾ ദഹിക്കുന്നതിന് ദീർഘസമയമെടുക്കും.
രാത്രിയിൽ ഇവ കഴിച്ച് ഉടനെ കിടക്കുമ്പോൾ അസിഡിറ്റി വർധിക്കാം. വയറുവീർക്കൽ, വയറുവേദന, നെഞ്ചെരിച്ചിൽ, ഗ്യാസ് പോലുള്ള ലക്ഷണങ്ങളും ഉണ്ടാകാം. ഗ്യാസ്ട്രൈറ്റിസ് വരുന്നതിനുള്ള സാധ്യതയും കൂടുതലാണ്.




