കെയ്റോ: മയക്കുമരുന്ന് നിർമാണവും വിതരണവുമായി ബന്ധപ്പെട്ട കേസിൽ പ്രമുഖ ടെലിവിഷൻ അവതാരകയടക്കം 11 പേർക്ക് വധശിക്ഷ വിധിച്ച് ഈജിപ്തിലെ കോടതി. കുറ്റകൃത്യങ്ങളും സുരക്ഷാ വിഷയങ്ങളും ആസ്പദമാക്കിയുള്ള ‘മിഷൻ ഇംപോസിബിൾ’ എന്ന ടെലിവിഷൻ പരിപാടിയിലൂടെ ശ്രദ്ധേയയായ സാറ ഖലീഫ ഉൾപ്പെടെയുള്ളവർക്കാണ് കെയ്റോ കോടതി വധശിക്ഷ വിധിച്ചത്.
കേസിലെ മറ്റ് പ്രതികളിൽ ഒമ്പത് പേർക്ക് ജീവപര്യന്തം തടവും ഏഴ് പേർക്ക് കുറ്റവിമുക്തിയും കോടതി വിധിച്ചു. കോസ്മെറ്റിക് സർജറി ക്ലിനിക്കും പാർട്ടി പരിപാടികൾ സംഘടിപ്പിക്കുന്ന പ്രൊഡക്ഷൻ കമ്പനിയും നടത്തിയിരുന്ന വ്യക്തിയാണ് സാറ ഖലീഫ.
സിന്തറ്റിക് മയക്കുമരുന്നുകൾ നിർമിക്കുന്നതിനായി വിദേശത്തുനിന്ന് അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യാൻ പ്രതികൾ സംഘടിത ക്രിമിനൽ സംഘം രൂപീകരിച്ചെന്നാണ് കോടതിയുടെ കണ്ടെത്തൽ. അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യൽ, മയക്കുമരുന്ന് നിർമാണം, വിതരണം തുടങ്ങിയവയ്ക്കായി സംഘത്തിലെ അംഗങ്ങൾക്ക് പ്രത്യേകം ചുമതലകൾ നൽകിയിരുന്നതായും കോടതി വിലയിരുത്തി.
അന്വേഷണത്തിനിടെ 750 കിലോഗ്രാമിലധികം മയക്കുമരുന്നും നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും അധികൃതർ പിടിച്ചെടുത്തിരുന്നു. മയക്കുമരുന്ന് നിർമാണ ലാബുകളായി ഉപയോഗിച്ചിരുന്ന രണ്ട് അപ്പാർട്ട്മെന്റുകളും ലൈസൻസില്ലാത്ത ആയുധങ്ങളും വെടിയുണ്ടകളും കണ്ടെത്തി.
അതേസമയം, തനിക്കെതിരായ ആരോപണങ്ങളെല്ലാം സാറ ഖലീഫ നിഷേധിച്ചിരുന്നു. ആന്റി നാർക്കോട്ടിക് അതോറിറ്റിയുടെ ഓഫീസിൽ മയക്കുമരുന്നിനൊപ്പമുള്ള ചിത്രമെടുത്തപ്പോഴാണ് ജീവിതത്തിൽ ആദ്യമായി മയക്കുമരുന്ന് കണ്ടതെന്നും കഴിഞ്ഞ സെപ്റ്റംബറിൽ കോടതിയിൽ ഹാജരായപ്പോൾ സാറ പറഞ്ഞിരുന്നു.
എന്നാൽ 20 സാക്ഷികളുടെ മൊഴികൾക്കൊപ്പം സന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയ സാങ്കേതികവും ഡിജിറ്റലുമായ തെളിവുകൾ അടിസ്ഥാനമാക്കിയാണ് പ്രോസിക്യൂഷൻ കേസ് മുന്നോട്ടുകൊണ്ടുപോയത്. 2025 ഏപ്രിലിൽ കെയ്റോയിൽവെച്ചാണ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ സാറ അറസ്റ്റിലായത്.
ഈജിപ്തിൽ വധശിക്ഷ വിധിക്കുന്ന കേസുകളിൽ അന്തിമവിധിക്ക് മുമ്പ് രാജ്യത്തെ ഗ്രാൻഡ് മുഫ്തിയുടെ അഭിപ്രായത്തിനായി കേസ് കൈമാറുന്ന നടപടിയുണ്ട്. ഇതനുസരിച്ച് കേസ് മുഫ്തിക്ക് കൈമാറിയ ശേഷമാണ് കോടതി അന്തിമവിധി പ്രഖ്യാപിച്ചത്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സാറ ഖലീഫയ്ക്കും മറ്റ് പ്രതികൾക്കും ഈജിപ്തിലെ പരമോന്നത ക്രിമിനൽ കോടതിയായ കോർട്ട് ഓഫ് കസേഷനിൽ അപ്പീൽ നൽകാം. ഇതിനുപുറമെ, ഒരു യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന മറ്റൊരു കേസിൽ സാറയ്ക്കും മറ്റ് ചില പ്രതികൾക്കും കോടതി അഞ്ച് വർഷം തടവുശിക്ഷയും വിധിച്ചിട്ടുണ്ട്.
ആസൂത്രിത കൊലപാതകം, ഭീകരവാദം, പീഡനം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾക്ക് ഈജിപ്തിൽ ഇപ്പോഴും വധശിക്ഷ നിലവിലുണ്ട്.



