കോട്ടയം: കോട്ടയം കറുകച്ചാലിൽ മദ്യലഹരിയിൽ യുവാവ് കാർ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറ്റി. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ പ്രിനോ ഫിലിപ്പ് ആണ് അപകടത്തിന് ഉത്തരവാദിയെന്നു സ്ഥിരീകരിച്ചു. സംഭവസമയത്ത് വീട്ടിൽ ഒരു വയോധിക മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീടിന്റെ ഗേറ്റ് ഇടിച്ചുതകർക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത് . പനയമ്പാല ഭാഗത്തുള്ള വീട്ടിലേക്ക് അമിത വേഗതയില്‍ എത്തി പ്രിനോ ഫിലിപ്പ് കാർ ഇടിച്ചുകയറ്റുകയായിരുന്നു. വീടിന്റെ ഗേറ്റ് പൂർണമായും തകർന്നു. ശബ്ദം കേട്ടയുടന്‍ നാട്ടുകാരും സമീപവാസികളും ഓടിയെത്തി. പിന്നാലെ പൊലീസെത്തി പ്രിനോ ഫിലിപ്പിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പ്രതിയുടെ ലൈസന്‍സ് റദ്ദാക്കാനായി ആര്‍ടിഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.










