ദുബായ് : ദുബായില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. 2025ല്‍ റെക്കോര്‍ഡ് നേട്ടമായ 80.21 കോടി യാത്രക്കാരാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (RTA) സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയത്. 2024-നെ അപേക്ഷിച്ച് (74.71 കോടി) 7.4 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയിലുണ്ടായത്.
പ്രതിദിനം ശരാശരി 22 ലക്ഷം പേര്‍ നിലവില്‍ ദുബായില്‍ പൊതുഗതാഗതത്തെ ആശ്രയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷമിത് 20 ലക്ഷമായിരുന്നു. ഒക്ടോബര്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത് (7.28 കോടി യാത്രക്കാര്‍). നവംബര്‍, ഡിസംബര്‍ മാസങ്ങളാണ് തൊട്ടുപിന്നാലെ.
ടാക്‌സി, ഷെയേര്‍ഡ് മൊബിലിറ്റി രംഗത്തും വലിയ മുന്നേറ്റമുണ്ട്. 2025ല്‍ 12 കോടി ടാക്‌സി യാത്രകളും 4.1 കോടി ഷെയേര്‍ഡ് മൊബിലിറ്റി യാത്രകളും നടന്നു. ലിമോസിന്‍ സേവനം ഉപയോഗിച്ചവരുടെ എണ്ണം 2.36 കോടിയായി ഉയര്‍ന്നു. സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി മെട്രോ, ബസ്, ടാക്‌സി തുടങ്ങിയവയിലേക്ക് ജനങ്ങള്‍ മാറുന്നത് നഗരത്തില്‍ കൂടുതല്‍ കാര്യക്ഷമവും സുസ്ഥിരവുമായ യാത്രാസംസ്‌കാരം വളരുന്നതിന്റെ സൂചനയാണെന്ന് ആര്‍ടിഎ വ്യക്തമാക്കി.










