നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് എൻ.ഡി.എ.യിലെ സീറ്റ് വിഭജന ചർച്ചകൾ ശക്തമാകുന്നതിനിടെ, ബി.ജെ.പി.ക്കുള്ളിൽ അസ്വസ്ഥത ഉയരുകയാണ്. ഘടകകക്ഷികൾ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നതും മറ്റു പാർട്ടികളിൽ നിന്ന് പുതുതായി എത്തുന്ന നേതാക്കൾക്ക് മുൻഗണന ലഭിക്കുന്നതുമൂലം പാർട്ടിയിലെ രണ്ടാം, മൂന്നാം നിര നേതാക്കൾക്ക് ഇത്തവണ മത്സരാവസരം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
എൻ.ഡി.എ. ഘടകകക്ഷികളായ ഭാരതീയ ജനതാ പാർട്ടി, ഭാരത ധർമ്മ ജനസേന, പുതുതായി മുന്നണിയിലെത്തിയ ട്വന്റി ട്വന്റി എന്നിവർ തമ്മിലുള്ള ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടന്നതായും പറയപ്പെടുന്നുണ്ട്. ഇത്തവണ 50 മുതൽ 60 സീറ്റുകൾ വരെ ഘടകകക്ഷികൾക്ക് നൽകാനാണ് സാധ്യതയെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതോടെ മണ്ഡലങ്ങളിൽ നേരത്തെ പ്രവർത്തനം ആരംഭിച്ചിരുന്ന നിരവധി ബി.ജെ.പി. നേതാക്കൾക്ക് സ്ഥാനാർഥിത്വം ലഭിക്കില്ലെന്ന ആശങ്കയും ശക്തമായി തുടരുകയാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. മികച്ച പ്രകടനം കാഴ്ചവെച്ച കായംകുളം, വർക്കല തുടങ്ങിയ മണ്ഡലങ്ങളിൽ ബി.ഡി.ജെ.എസ്. വീണ്ടും പിടിമുറുക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ്. മത്സരിച്ച മണ്ഡലങ്ങളാണിവ. 2016-ൽ 37 സീറ്റുകളിൽ മത്സരിച്ചിരുന്ന ബി.ഡി.ജെ.എസ്., 2021-ൽ 21 സീറ്റുകളിലേക്കാണ് ചുരുങ്ങിയത്. എന്നാൽ ഇക്കുറി 40 സീറ്റ് വേണമെന്ന അവകാശവാദമാണ് പാർട്ടി മുന്നോട്ടുവെക്കുന്നതെന്നും ഈ ആവശ്യം അംഗീകരിക്കപ്പെട്ടാൽ ബി.ജെ.പി.യുടെ സ്വതന്ത്ര ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിലും ഘടകകക്ഷികൾക്ക് മുൻഗണന ലഭിക്കാനിടയുണ്ടെന്നും സൂചന നിലനിൽക്കുന്നുമുണ്ട്.
അതേസമയം, ട്വന്റി ട്വന്റിയും 30 സീറ്റ് ആവശ്യപ്പെട്ട് നിലപാട് കടുപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥികളേക്കാൾ കൂടുതൽ വോട്ടുകൾ നേടിയ മണ്ഡലങ്ങൾ ഉൾപ്പെടെ പത്തു സീറ്റിൽ കൂടുതൽ നൽകാൻ പാടില്ലെന്ന വാദം ബി.ജെ.പിക്കുള്ളിൽ ശക്തമായിരിക്കെ, തിരഞ്ഞെടുപ്പ് സമയത്ത് മറ്റു പാർട്ടികളിൽ നിന്ന് എത്തുന്നവർക്കു മുൻഗണന നൽകുന്നത് പാർട്ടിയുടെ ദീർഘകാല പ്രവർത്തകരിൽ അസംതൃപ്‌തി സൃഷ്ടിക്കുന്നതായും ഭാവിയിലെ പ്രവർത്തനങ്ങളെ അത് പ്രതിസന്ധിയിലാക്കുമെന്നും ആരോപണങ്ങൾ ഉയരുകയാണ്.
മുൻ തിരഞ്ഞെടുപ്പുകളിൽ മറ്റ് പാർട്ടികളിൽ നിന്ന് ചേർന്നവരിൽ 10 ശതമാനത്തിൽ താഴെ മാത്രമാണ് പാർട്ടിയിൽ സജീവമായി തുടരുന്നതെന്ന കണക്കുകളും ഇവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇത്തരം നേതാക്കൾ തിരിച്ചുപോകുന്ന പ്രവണത പാർട്ടിക്ക് ദീർഘകാലത്തിൽ നഷ്ടമുണ്ടാക്കുന്നുവെന്ന ആശങ്കകളും നിലനിൽക്കുന്നുണ്ട്.
പാർട്ടിക്ക് പുറത്തു നിൽക്കുന്നവരെയും, കൂറു മാറി പാർട്ടിയിൽ എത്തുന്നവരെയുമൊക്കെ മത്സരിപ്പിക്കുമ്പോൾ അത് പാർട്ടിയെയും പാർട്ടി ഐക്യത്തെയും തകർക്കുന്ന പ്രവണത ആണെന്ന പരാമർശങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ നിലനിൽക്കുന്നുണ്ട്. താത്കാലിക നേട്ടങ്ങൾക്കായി ഇത്തരം എടുത്തു ചട്ടങ്ങൾ പാർട്ടിയുടെ ഭാവവിയെ തന്നെ തകർത്തേക്കാംമെന്ന് പൊതുവെയുള്ള വിലയിരുത്തൽ.
വർഷങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു വരുന്ന ഒരുപാട് ആളുകളുണ്ട്, എന്നാൽ തിരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ട് എത്തുന്നവർക്ക് മുൻഗണന നൽകുന്നത് അഭിപ്രായ വ്യത്യാസങ്ങൾക്ക് എതിരാണെന്നുമുള്ള വാദങ്ങളും ഉയർന്നുവരുന്നുണ്ട്.
സീറ്റ് വിഭജന ചർച്ചകൾക്ക് മുൻപായി ഘടകകക്ഷികൾ അവരുടെ സാധ്യതാപട്ടിക സമർപ്പിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചിട്ടുണ്ട്. മികച്ച സ്ഥാനാർഥികളുടെ പട്ടിക നൽകാത്ത പക്ഷം വർക്കല, റാന്നി, കായംകുളം, അരൂർ, പറവൂർ, നെന്മാറ തുടങ്ങിയ മണ്ഡലങ്ങൾ തിരിച്ചെടുക്കേണ്ട സാഹചര്യം ഉണ്ടാകാമെന്ന സൂചനയും നേതൃത്വത്തിൽ നിന്ന് ലഭിച്ചതായി അറിയുന്നു.
മികച്ച സ്ഥാനാർഥികളെ മുന്നോട്ടുവയ്ക്കുന്നില്ലെങ്കിൽ ചില മണ്ഡലങ്ങൾ തിരിച്ചെടുക്കേണ്ടി വരും എന്ന കടുത്ത നിലപാടും നേതൃത്വം സ്വീകരിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്, ഇങ്ങനെ ഒരു നിലപാട് നിലനിൽക്കെ പാർട്ടി ചെയ്യുന്ന ഇത്തരം കാര്യങ്ങൾ തിരിച്ചടിയായി പാർട്ടിക്ക് നേരെ തന്നെ വരുമെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല എന്നുമുള്ള ആക്ഷേപങ്ങൾ പുറത്തുവരുന്നുണ്ട്.
പാർട്ടി എടുക്കുന്ന ഓരോ തീരുമാനങ്ങളും പാർട്ടിയുടെ അടിത്തറ ഇല്ലാതാക്കുന്ന രീതിയിൽ ഉള്ള തരത്തിൽ ആവരുതെന്നും, പാർട്ടിയെ വിശ്വസിച്ചു കൂടെ നിൽക്കുന്നവരെ ആശങ്കയിലാക്കുന്ന തരത്തിലുള്ളതാക്കരുതെന്നും പറഞ്ഞുവെക്കേണ്ടി വരും.
എൻ.ഡി.എ.യിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വരാനിരിക്കുന്ന ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് വിവരം. എന്നാൽ ഈ നീക്കങ്ങൾ ബി.ജെ.പി.യുടെ ആഭ്യന്തര ഐക്യത്തെയും തിരഞ്ഞെടുപ്പ് തന്ത്രങ്ങളെയും എങ്ങനെ ബാധിക്കുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ശ്രദ്ധയോടെ നോക്കിക്കൊണ്ടിരിക്കുകയാണ്.




