കൊച്ചി: കൊച്ചി നഗരത്തിലെ പ്രധാന ജലാശയങ്ങളിൽ ഇ-കോളി ഉൾപ്പെടെയുള്ള അപകടകരമായ ബാക്ടീരിയകളുടെ സാന്നിധ്യം വ്യാപകമാണെന്ന് പഠന റിപ്പോർട്ട്. ജെയിൻ യൂണിവേഴ്സിറ്റിയുടെ ഫ്യൂച്ചർ കേരള മിഷൻ നടത്തിയ പഠനത്തിലാണ് ആശങ്കപ്പെടുത്തുന്ന കണ്ടെത്തലുകൾ പുറത്തുവന്നത്. മനുഷ്യരുടെയും മൃഗങ്ങളുടെയും വിസർജ്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തുടർച്ചയായി ജലാശയങ്ങളിലെത്തുന്നതാണ് നിലവിലെ ഗുരുതരാവസ്ഥയ്ക്ക് പ്രധാന കാരണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കാക്കനാട് ഫെറി ടെർമിനൽ, ആറാട്ടുകടവ് വാക്ക്‌വേ, ചമ്പക്കര കനാൽ വ്യൂപോയിന്റ്, തുതിയൂർ വെട്ടുവേലി ഫെറി, വൈറ്റില വാട്ടർ മെട്രോ, പോക്കാലി പാർക്ക് ബണ്ട് റോഡ് എന്നിവിടങ്ങളിൽ നിന്നുള്ള ജലസാമ്പിളുകളാണ് മേയ്, ജൂൺ മാസങ്ങളിൽ ശേഖരിച്ച് പരിശോധിച്ചത്. പരിശോധിച്ച എല്ലാ സാമ്പിളുകളും മൈക്രോബയോളജിക്കൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആറ് കേന്ദ്രങ്ങളിലുമുള്ള ജലത്തിൽ ഉദരസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്ന ഇ-കോളി ബാക്ടീരിയയുടെ ഉയർന്ന സാന്നിധ്യം കണ്ടെത്തി. തുതിയൂർ വെട്ടുവേലി ഫെറിയിൽ നിന്ന് ശേഖരിച്ച സാമ്പിളിൽ രക്തത്തിലെ അണുബാധയ്ക്ക് കാരണമാകുന്ന സ്ട്രെപ്റ്റോകോക്കി ബാക്ടീരിയയും കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ജലത്തിന്റെ ഭൗതിക, രാസ ഗുണനിലവാരങ്ങളിലും ഗണ്യമായ ഇടിവ് രേഖപ്പെടുത്തി.
കാക്കനാട് ഫെറി ടെർമിനലിലെ ജലത്തിന്റെ കലക്കൽ അനുവദനീയമായ പരിധിയേക്കാൾ പത്തിരട്ടിയിലധികമാണെന്ന് പഠനം കണ്ടെത്തി. പോക്കാലി പാർക്ക് ബണ്ട് റോഡിന് സമീപത്തെ വെള്ളത്തിൽ അലിഞ്ഞുചേർന്ന ഖരമാലിന്യങ്ങളുടെ അളവും അപകടകരമായ നിലയിലാണ്. ക്ലോറൈഡിന്റെ അളവും സുരക്ഷാ പരിധി മറികടന്നതിനാൽ ഈ ജലം ഗാർഹിക ആവശ്യങ്ങൾക്കോ വിനോദ ആവശ്യങ്ങൾക്കോ ഉപയോഗിക്കാൻ അനുയോജ്യമല്ലെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഔട്ട്‌ഡോർ ബാത്തിങ് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പരിശോധന നടത്തിയത്. എൻ.എ.ബി.എൽ അംഗീകാരമുള്ള ലബോറട്ടറിയിലാണ് പരിശോധനകൾ പൂർത്തിയാക്കിയത്. ലാബ് പരിശോധനകൾക്കൊപ്പം ജി.ഐ.എസ് മാപ്പിങ് ഉപയോഗപ്പെടുത്തി ജലാശയങ്ങളുടെ നിലവിവരങ്ങൾ പൊതുജനങ്ങൾക്ക് സുതാര്യമായി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജെയിൻ യൂണിവേഴ്സിറ്റിയിലെ സെന്റർ ഓഫ് റിസർച്ച് ഇൻ മറൈൻ സയൻസിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. അഭിജിത്ത് മുരളീധരൻ പറഞ്ഞു.
പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനപ്പുറം കൊച്ചി നേരിടുന്ന ജലമലിനീകരണ പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ഫ്യൂച്ചർ കേരള മിഷൻ ചീഫ് ഫെസിലിറ്റേറ്റർ ഡോ. ടോം ജോസഫ് പറഞ്ഞു. ജലാശയങ്ങളുടെ നിലവിലെ സ്ഥിതി അതീവ ആശങ്കാജനകമാണെന്നും അടിയന്തരമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഇടപെടൽ അനിവാര്യമാണെന്നും ഫ്യൂച്ചർ കേരള മിഷൻ ചെയർപേഴ്സൺ പ്രൊഫ. വേണു രാജാമണി ആവശ്യപ്പെട്ടു.




