കൊച്ചി: സ്പൈനൽ മസ്കുലർ അട്രോഫി (SMA) ബാധിച്ച കൂത്താട്ടുകുളം സ്വദേശികളായ അനന്തുവിന്റെയും അശ്വതിയുടെയും മകൻ കുഞ്ഞു ധ്രുവാന്റെ ചികിത്സയ്ക്കായി നടത്തിയ ധനസമാഹരണ ക്യാമ്പയിൻ വിജയിച്ചു. ചികിത്സയ്ക്കാവശ്യമായ 16 കോടി രൂപ സമാഹരിച്ചതായി കുടുംബം അറിയിച്ചു.
‘സേവ് ബേബി ധ്രുവാൻ’ എന്ന പേരിലാണ് ക്യാമ്പയിൻ നടത്തിയത്. ക്യാമ്പയിനിലൂടെ സഹായിച്ച എല്ലാവർക്കും നന്ദി അറിയിച്ച് കുടുംബം ഇൻസ്റ്റഗ്രാം പേജിൽ കുറിപ്പ് പങ്കുവെച്ചു. പണം മാത്രമല്ല, മകന് ഒരു ജീവിതം കൂടിയാണ് എല്ലാവരും നൽകിയതെന്നും കുടുംബം പറഞ്ഞു.
ഓരോ രൂപയ്ക്കും പ്രാർഥനകൾക്കും സ്നേഹപൂർവമായ വാക്കുകൾക്കും നന്ദിയുണ്ടെന്നും കുടുംബം അറിയിച്ചു. ധ്രുവാന്റെ ജീവിതത്തിനും സ്വപ്നങ്ങൾക്കും പിന്തുണയായത് എല്ലാവരുമാണെന്നും കുറിപ്പിൽ പറയുന്നു. ധ്രുവാന് ഒരു മാസം പ്രായമുള്ളപ്പോഴാണ് രോഗാവസ്ഥ സ്ഥിരീകരിച്ചത്. കാലുകൾ ഉയർത്താൻ കഴിയാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.











