തൃശൂർ: തൃശ്ശൂർ നഗരത്തിലെ അനാശാസ്യ കേന്ദ്രത്തിൽ ക്രൂരമായി മർദനമേറ്റ് യുവാവ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി പിടിയിൽ. അസം സ്വദേശി നൂർ ആലമിനെയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അസമിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ഒഡീഷ സ്വദേശി ധൻപത് നായിക്കാണ് കേസിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളും നാല് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നൂർ ആലമിന്റെ അറസ്റ്റോടെ കേസിലെ ആകെ പ്രതികളുടെ എണ്ണം ഏഴായി.
കഴിഞ്ഞ 18-ന് രാത്രി തൃശ്ശൂർ നഗരത്തിലെ കോരപ്പത്ത് ലൈനിലുള്ള വാടകവീട്ടിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. ധൻപത് നായിക്കും സുഹൃത്തും ഇവിടെ എത്തിയ ശേഷം സേവനത്തിന്റെ പേരിലും പണത്തെച്ചൊല്ലിയും നടത്തിപ്പുകാരുമായി വാക്കുതർക്കമുണ്ടായെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് തർക്കം സംഘർഷമായി മാറുകയും ധൻപത് നായിക്കിനെ ഇരുമ്പുവള ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ധൻപത് നായിക്ക് ചികിത്സയിലിരിക്കെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. സംഭവശേഷം അസമിലേക്ക് കടന്നുകളഞ്ഞ മുഖ്യപ്രതി നൂർ ആലമിനെ വിശദമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പിടികൂടിയത്.




