ഭോപ്പാൽ: മധ്യപ്രദേശിലെ മൈഹാർ ജില്ലയിൽ ദേശീയപാത 30-ൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. മൈഹാർ സ്വദേശികളായ യുവാക്കളാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. യുവാക്കൾ സഞ്ചരിച്ച കാർ മുന്നിൽ പോകുകയായിരുന്ന ട്രക്കിന് പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന അഞ്ച് പേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ സത്ന ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




