ഡമാസ്‌കസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സിറിയ സന്ദർശനം നടത്തുന്നതിനിടെ തലസ്ഥാനമായ ഡമാസ്‌കസിൽ ഇരട്ട സ്‌ഫോടനം. ചൊവ്വാഴ്ച മാക്രോൺ താമസിച്ചിരുന്ന ഫോർ സീസൺസ് ഹോട്ടലിന് സമീപത്താണ് രണ്ട് സ്‌ഫോടനങ്ങൾ ഉണ്ടായതെന്ന് സിറിയൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു.
സുരക്ഷാ ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച്, ഒരു ബോംബ് ചപ്പുചവറുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. മറ്റൊന്ന് ഫോർ സീസൺസ് ഹോട്ടലിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനത്തിലുമാണ് സ്ഥാപിച്ചിരുന്നത്.
സ്‌ഫോടനസമയത്ത് മാക്രോൺ ഹോട്ടൽ വിട്ട് പ്രസിഡൻഷ്യൽ പാലസിലെത്തിയിരുന്നു. അവിടെ സിറിയൻ പ്രസിഡന്റ് അഹ്‌മദ് അൽ-ഷാറായുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, മാക്രോൺ സുരക്ഷിതനാണെന്ന് ഫ്രഞ്ച് സർക്കാർ സ്ഥിരീകരിച്ചു. സ്‌ഫോടനങ്ങൾ നടക്കുമ്പോൾ അദ്ദേഹം ഹോട്ടലിലില്ലായിരുന്നുവെന്നും സിറിയൻ സന്ദർശന പരിപാടികൾ നിശ്ചയിച്ച പ്രകാരം തുടരുമെന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.











