ലിമ: ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിലെ തെക്കൻ പസഫിക് മേഖലയിൽ ഭൂകമ്പം. ചൊവ്വാഴ്ച വൈകിയാണ് 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. എന്നാൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇക്ക മേഖലയിലെ പാമ്പ ഡി ടേറ്റ് പട്ടണത്തിന് 20 കിലോമീറ്റർ കിഴക്ക്-തെക്കുകിഴക്കായി 56.5 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. പെറുവിയൻ പ്രതിരോധ മന്ത്രി അമാഡിയോ ഫ്ലോറസ് പ്രദേശത്തെത്തി. സാൻ ലൂയിസ് ഗോൺസാഗ സർവകലാശാല ഉൾപ്പെടെ നഗരത്തിലെ ചില തകർന്ന കെട്ടിടങ്ങൾ സന്ദർശിക്കുകയും ചെയ്തു. റിങ് ഓഫ് ഫയർ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഭൂകമ്പങ്ങൾ പെറുവിൽ സാധാരണമാണ്.






