പത്തനംതിട്ട: ശബരിമലയിൽ പൂജാസാധനങ്ങൾ സൗജന്യമായി നൽകുന്ന വ്യക്തി ദേവസ്വം ബോർഡിന് ഇന്നോവ കാർ നൽകിയതായും ദേവസ്വം വിജിലൻസ് കണ്ടെത്തി. പൂജാത്തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഈ വിവരവും പുറത്തുവന്നത്. കൊല്ലം സ്വദേശിയായ സുനിൽകുമാർ എന്ന സുനിൽ സ്വാമിയാണ് വർഷങ്ങളായി ശബരിമലയിൽ പൂജാസാധനങ്ങൾ വാങ്ങി നൽകിയിരുന്നത്. സന്നിധാനത്തിലെ ഇടപെടലുകളെ തുടർന്ന് ഹൈക്കോടതി അദ്ദേഹത്തിന് അവിടെ തങ്ങുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
പൂജാസാധനങ്ങൾ സൗജന്യമായി വാങ്ങി നൽകുന്ന തുക അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രേഖപ്പെടുത്തുന്നുവെന്നായിരുന്നു വിജിലൻസ് റിപ്പോർട്ടിലെ കണ്ടെത്തൽ. ദേവസ്വം ബോർഡിൽ നിന്ന് വിരമിച്ച കെ. കൃഷ്ണമൂർത്തി നൽകിയ പരാതിയെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി സുനിൽസ്വാമിയുടെ മൊഴി രേഖപ്പെടുത്തി. അതിൽ 15 വർഷം മുമ്പ് ഒരു ടൊയോട്ട ഇന്നോവ കാർ ദേവസ്വം സെക്രട്ടറിയുടെ പേരിൽ വാങ്ങി നൽകിയതായും ഇപ്പോഴും ആ വാഹനം ദേവസ്വം ബോർഡ് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയോടുള്ള ഭക്തിയുടെ പേരിലാണ് പൂജാസാധനങ്ങൾ നൽകുന്നതെന്ന് പറയുന്ന സുനിൽസ്വാമിയിൽ നിന്ന് ദേവസ്വം ബോർഡ് കാർ സ്വീകരിച്ചതിന്റെ കാരണം എന്താണെന്നും വിജിലൻസ് പരിശോധിച്ചുവരികയാണ്.






