കോട്ടയം: സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കായി നടപ്പാക്കുന്ന സൗജന്യ യാത്രാ പദ്ധതിയിൽ ട്രാൻസ്ജെൻഡർ വനിതകളെയും ഉൾപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നു. ഇതുസംബന്ധിച്ച് സർക്കാർ തലത്തിൽ അനൗദ്യോഗിക ചർച്ചകൾ നടന്നതായാണ് വിവരം. കോൺഗ്രസിന്റെ പോഷക സംഘടനയായ ട്രാൻസ്ജെൻഡർ കോൺഗ്രസ് നേതാക്കൾ ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ ന് നിവേദനം നൽകി. വിഷയത്തിൽ അനുകൂല ഉറപ്പ് ലഭിച്ചതായി ട്രാൻസ്ജെൻഡർ കോൺഗ്രസ് നേതാവ് അമേയ പ്രസാദ് അറിയിച്ചു. ട്രാൻസ്ജെൻഡർ വനിതകളെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സജീവ പരിഗണനയിലാണെന്ന് മന്ത്രിയും പ്രതികരിച്ചു.
ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര നടപ്പാക്കുമെന്ന് ആദ്യ മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് സർക്കാർ അറിയിച്ചത്.
കെഎസ്ആർടിസിയിൽ സ്ഥിരമായി യാത്ര ചെയ്യുന്ന സ്ത്രീകൾക്കൊപ്പം ജനസംഖ്യയിൽ ന്യൂനപക്ഷമായ ട്രാൻസ് വനിതകളെയും ഉൾപ്പെടുത്തുന്നതിലൂടെ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്ന വിലയിരുത്തലും സർക്കാരിനുണ്ട്. നിലവിൽ ഔദ്യോഗികമായി സ്വയം തിരിച്ചറിഞ്ഞ ട്രാൻസ്ജെൻഡർ വ്യക്തികളുടെ എണ്ണം ഏകദേശം 25,000 ആണെന്ന് കണക്കുകൾ പറയുന്നു. ഇതിൽ ഭൂരിഭാഗവും ട്രാൻസ്ജെൻഡർ വനിതകളാണെന്നാണ് വിവിധ സർവേകൾ വ്യക്തമാക്കുന്നത്. സാമൂഹിക സാഹചര്യങ്ങൾ കാരണം യഥാർത്ഥ എണ്ണം ഇതിലും കൂടുതലായിരിക്കാമെന്നും, സംസ്ഥാനത്ത് ഏകദേശം 40,000ത്തോളം ട്രാൻസ്ജെൻഡർ വ്യക്തികൾ ഉണ്ടാകാമെന്നുമാണ് രംഗത്തെ പ്രവർത്തകരുടെ വിലയിരുത്തൽ.
2014-15 കാലഘട്ടത്തിൽ കേരള സാമൂഹികനീതി വകുപ്പ് നടത്തിയ സർവേയിൽ സംസ്ഥാനത്ത് 25,000 ട്രാൻസ്ജെൻഡർ വ്യക്തികൾ സ്വയം തിരിച്ചറിഞ്ഞതായി രേഖപ്പെടുത്തിയിരുന്നു. സർവേയിൽ പങ്കെടുത്തവരിൽ 99 ശതമാനവും ട്രാൻസ്ജെൻഡർ വനിതകളായിരുന്നു. അതേസമയം, 2011 ലെ ജനസംഖ്യാ കണക്കെടുപ്പിൽ കേരളത്തിൽ 3,902 ട്രാൻസ്ജെൻഡർ വ്യക്തികളെയാണ് രേഖപ്പെടുത്തിയിരുന്നത്. അന്നത്തെ സാമൂഹിക സാഹചര്യങ്ങൾ കാരണം പലരും തങ്ങളുടെ ലിംഗസ്വത്വം തുറന്ന് പറയാൻ മടിച്ചതിനാൽ ഈ കണക്ക് യഥാർത്ഥ എണ്ണത്തേക്കാൾ കുറവാണെന്നാണ് വിലയിരുത്തൽ.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക പ്രകാരം സംസ്ഥാനത്ത് 273 ട്രാൻസ്ജെൻഡർ വോട്ടർമാരാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭൂരിഭാഗം പേരും വോട്ടർ പട്ടികയിൽ സ്ത്രീ അല്ലെങ്കിൽ പുരുഷൻ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നതാണ് ഇതിന് പ്രധാന കാരണം.
രാജ്യത്ത് കർണാടക,ഡൽഹി,ആന്ധ്ര പ്രദേശ്,തെലങ്കാന,തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് പൊതുഗതാഗതത്തിൽ സൗജന്യ യാത്രാ സൗകര്യം നിലവിലുണ്ട്.






