മധുരം കഴിക്കാൻ ഇഷ്ടമുള്ളവർക്ക് പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവമാണ് കാരമൽ പുഡ്ഡിംഗ്. ഇത് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ചേരുവകൾ
പഞ്ചസാര – 1/2 കപ്പ്
വെള്ളം – 3 ടേബിൾസ്പൂൺ
മുട്ട – 3 വലുത്
പഞ്ചസാര – 1/2 കപ്പ്
വാനില എസൻസ് – 1 ടീസ്പൂൺ
പാൽ – 2 കപ്പ്
തയാറാക്കുന്ന വിധം
ഒരു പാനിൽ പഞ്ചസാര ഇട്ട് മീഡിയം തീയിൽ ഇടയ്ക്കിടെ ഇളക്കി കാരമലൈസ് ചെയ്ത് എടുക്കുക. ശേഷം ഇതിൽ വെള്ളമൊഴിച്ച് നന്നായി ഇളക്കി തീ ഓഫ് ചെയ്യുക, ഇനി ഈ മിശ്രിതം ഉടൻ തന്നെ പാനിൽ ഒഴിച്ച് ഒന്ന് ചുറ്റിച്ച് സെറ്റ് ചെയ്യാൻ മാറ്റി വയ്ക്കുക. കാരമൽ സെറ്റായ ശേഷം മുകളിൽ നെയ്യ് തടവി കൊടുക്കുക.
ഒരു മിക്സർ ജാറിൽ മുട്ട, പഞ്ചസാര, വാനില എസൻസ്, കുറച്ച് പാൽ എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക, ശേഷം ബാക്കിയുള്ള പാലിൽ അരിച്ച് ഒഴിച്ച് നന്നായി യോജിപ്പിക്കുക. തയാറാക്കി വച്ചിരിക്കുന്ന പാനിൽ ഈ മിശ്രിതം ഒഴിച്ച് മുകളിൽ അലൂമിനിയം ഫോയിൽ വച്ച് അടച്ച് 20 മിനിറ്റ് നല്ല തീയിൽ ആവിയിൽ വേവിക്കുക. ചൂടാറിയശേഷം കസ്റ്റർഡ് വിട്ട് പോരുവാൻ ഒരു കത്തി ഉപയോഗിച്ച് ചുറ്റും ഒന്ന് വരഞ്ഞു കൊടുക്കുക. ഒരു പാത്രത്തിലേക്കു കമഴ്ത്തി ഇടുക. സ്വാദിഷ്ടമായ കാരമൽ കസ്റ്റർഡ് തണുപ്പിച്ചും കഴിക്കാം.




