ദുബായ്: എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ വിസകൾ അനുവദിക്കുന്നത് യുഎഇ താൽക്കാലികമായി നിർത്തിവെച്ചു. പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും രോഗവ്യാപനം തടയുന്നതിനുമുള്ള മുൻകരുതൽ നടപടിയായാണ് ഈ തീരുമാനം.
യുഎഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും സംയുക്തമായാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കാണ് നിയന്ത്രണം ബാധകമാകുക. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസിറ്റ് വിസ ഉൾപ്പെടെ പുതിയ വിസകൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനുവദിക്കില്ല.
അതേസമയം, ഈ രാജ്യങ്ങളിൽ നിന്ന് മറ്റ് രാജ്യങ്ങൾ വഴി ട്രാൻസിറ്റ് ചെയ്ത് യുഎഇയിലെത്തുന്ന യാത്രക്കാർക്കും പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ രാജ്യങ്ങൾക്ക് പുറത്തായി തുടർച്ചയായി 21 ദിവസത്തിലധികം താമസിച്ച ശേഷം യുഎഇയിലേക്ക് യാത്ര ചെയ്യുന്നവരെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജൂൺ 6 മുതൽ ഉച്ചയ്ക്ക് 1 മണിക്ക് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. ആഗോള ആരോഗ്യ സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും നിയന്ത്രണങ്ങളുടെ കാലാവധി സംബന്ധിച്ച തുടർ തീരുമാനം സ്വീകരിക്കുക.
ഇതിനിടെ, ഈ രാജ്യങ്ങളിലേക്കുള്ള കാർഗോ സർവീസുകളെയോ ട്രാൻസിറ്റ് വിമാന സർവീസുകളെയോ പുതിയ നിയന്ത്രണങ്ങൾ ബാധിക്കില്ല. ചരക്കുഗതാഗതവും അനുബന്ധ സേവനങ്ങളും പതിവുപോലെ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.






