കോഴിക്കോട്: വിവാദങ്ങൾക്കിടെ ഇഡി സംഘം കോഴിക്കോടെത്തി മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തിനെ ചോദ്യം ചെയ്തു. മുഹമ്മദ് ഫെബീഷിനെയാണ് ഇന്നലെ കോഴിക്കോട് വെച്ച് ചോദ്യം ചെയ്തത്.
കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന് പിന്നാലെ ഫെബീഷിന്റെ ബാങ്ക് ലോക്കർ ഇഡി സീൽ ചെയ്തു. ലോക്കറിൽ 50 പവനിലധികം സ്വർണവും പണവും ഉണ്ടായിരുന്നതായാണ് വിവരം. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിന്റെ ഉറവിടത്തെക്കുറിച്ച് ഇഡി ചോദിച്ചപ്പോൾ സഹോദരിയുടെ സ്വർണമാണെന്നാണ് ഫെബീഷ് മറുപടി നൽകിയതെന്നാണ് വിവരം.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് തന്നെ ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചതിന്റെ സൂചനയായാണ് നടപടിയെ വിലയിരുത്തുന്നത്. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്നാണ് ഇഡിയുടെ നിലപാട്. പ്രാഥമിക അന്വേഷണം നടത്താൻ എഫ്ഐആർ ആവശ്യമില്ലെന്നാണ് ഇഡി വ്യക്തമാക്കുന്നത്.


