കഴിഞ്ഞുപോയ പരാജയമല്ല, അതിൽ നിന്നുള്ള തിരിച്ചുവരവാണ് ഇനി മുന്നിലുള്ള പ്രധാന കടമ്പയെന്ന തിരിച്ചറിവാണ് വിശാല സംസ്ഥാന കമ്മിറ്റി അവസാനിക്കുമ്പോഴുള്ള സി.പി.എമ്മിന്റെ റിപ്പോർട്ടുകളിൽ കാണാനാകുന്നത്. തുടർഭരണം പാർട്ടിയെ ദുർബലമാക്കിയെന്നും പല നേതാക്കളേയും അഹങ്കാരികളാക്കിയെന്നും സിപിഎം സമ്മതിക്കുന്നുണ്ട്. പാർട്ടിയെന്നത് സർക്കാരിന്റെ പിന്നിലെ ഒരു നിഴൽസംഘടനയായി മാറി. ഇതോടെ, ഒരാളിലേക്ക് എല്ലാം ചുരുങ്ങുന്ന രീതിയിലേക്ക് തുടർഭരണം കൊണ്ടെത്തിച്ചെന്നും റിപ്പോർട്ട് പറയുന്നു. ഇതിൽ നിന്ന് കരകയറുന്നതിന് ജനങ്ങളിലേക്ക് മടങ്ങുകയാണ് വേണ്ടതെന്ന ഒറ്റബോധ്യത്തിലേക്ക് സി.പി.എം. എത്തിയിരിക്കുന്നു. അതിന് മുന്നോടിയായി, സംഭവിച്ച പോരായ്മകളും പറ്റിയ വീഴ്ചകളും കണ്ടെത്തി അക്കമിട്ട് നിരത്തുകയാണ് സി.പി.എം. ആദ്യം ചെയ്തത്. അതിനനുസരിച്ചാണ് തിരുത്തൽ നടപടി തുടങ്ങുന്നത്.
പാർട്ടിയെ സംബന്ധിച്ച് അനിവാര്യമായൊരു പതനമാണ് സംഭവിച്ചത്. പല തിരിച്ചറിവുകളിലേക്കും അത് നയിച്ചു. ഇനി വേണ്ടത് മാറ്റമാണ്. എങ്ങനെ മാറണമെന്നത് സംബന്ധിച്ചുള്ള കാഴ്ചപ്പാട് മുന്നോട്ടുവെക്കണമെന്നതാണ് വിശാല സംസ്ഥാന സമിതിയിൽ ചർച്ചയ്ക്ക് മുന്നോടിയായി നൽകിയിരുന്ന നിർദ്ദേശം. പാർട്ടിഘടകങ്ങൾക്കും നേതാക്കൾക്കും പറ്റിയ വീഴ്ചകൾ അക്കമിട്ടുള്ള വിമർശനങ്ങൾക്കൊപ്പം പുതിയ പ്രവർത്തന കാഴ്ചപ്പാടുകൂടി ചർച്ചകളിലുണ്ടായിട്ടുണ്ട്.
സിപിഐഎമ്മിന്റെ നിലവിലെ സംഘടനാപരമായ വീഴ്ചകളും അവ പരിഹരിക്കുന്നതിനായി മുന്നോട്ടുവെക്കുന്ന നിർണായക തിരുത്തൽ നിർദേശങ്ങളും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടോടെ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. തുടർഭരണം ലഭിച്ചപ്പോൾ പാർട്ടിയും അതിന്റെ വർഗ-ബഹുജന സംഘടനകളും ദുർബലമാകുന്ന പ്രവണത ദൃശ്യമാണ്. നേരത്തെ ബംഗാളിലും ത്രിപുരയിലും സംഭവിച്ചതിന് സമാനമായി, ജനങ്ങളുമായി കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ പങ്കുവെക്കാൻ ശേഷിയുള്ള സഖാക്കളുടെ എണ്ണം കുറയുന്നതും വർഗ-ബഹുജന സംഘടനകളിൽ ആവശ്യമായ രാഷ്ട്രീയവൽക്കരണം നടക്കാത്തതും പ്രധാന സംഘടനാദൗർബല്യമായി വിലയിരുത്തപ്പെടുന്നു.
ഓരോ പ്രദേശത്തെയും കുടുംബങ്ങളുമായി വ്യക്തിബന്ധം പുലർത്താൻ കഴിയുന്ന അംഗീകാരമുള്ള പാർട്ടി അംഗങ്ങളുടെ കുറവ് ജനങ്ങളുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, റെസിഡൻസ് അസോസിയേഷൻ പോലുള്ള സാമൂഹിക കൂട്ടായ്മകളിൽ പാർട്ടി അംഗങ്ങളുടെ ഇടപെടൽ കുറയുന്നത് വിവിധ ജനവിഭാഗങ്ങളിലേക്ക് ഇറങ്ങി ചെല്ലാനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നു. പാർട്ടിക്കകത്ത് രൂപപ്പെടുന്ന തെറ്റായ പ്രവണതകളാണ് സഹകരണ ബാങ്കുകളിലെ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് വഴിവെച്ചത്. വരുമാനത്തിന് അനുസൃതമായി ജീവിക്കുന്നതിന് പകരം ചിലർ നടത്തുന്ന ആഡംബരജീവിതം ജനങ്ങളിൽ അവമതിപ്പ് ഉണ്ടാക്കുന്നതിനൊപ്പം, നേതാക്കളുടെയും പ്രവർത്തകരുടെയും പെരുമാറ്റം സംബന്ധിച്ച പരാതികൾ പരിഹരിച്ച് അത് കൂടുതൽ ജനസൗഹാർദ്ദപരമാക്കേണ്ടതുമുണ്ട്.
വ്യവസ്ഥയ്ക്കെതിരായ പോരാട്ടത്തിൽ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായ സംഘടനാ പ്രവർത്തനം നടത്തുമ്പോൾ, പാർലമെന്ററി പ്രവർത്തനത്തിന്റെ ഭാഗമാകുന്നതിലെ പരിമിതികളും സാധ്യതകളും കണക്കിലെടുക്കാൻ കഴിയാതെ പോയതും പ്രക്ഷോഭ പ്രചരണങ്ങൾ മന്ദഗതിയിലായതും തിരിച്ചടിയായി. വളർന്നുവരുന്ന ഇടത്തരം വിഭാഗങ്ങളെ പാർട്ടിയോട് അടുപ്പിക്കുന്നതിൽ സാംസ്‌ക്കാരിക പ്രവർത്തനങ്ങളുടെ കുറവ് പ്രകടമാണ്. കാർഷിക മേഖലയിൽ സജീവ ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും കർഷകവിഭാഗങ്ങളിൽ വലതുപക്ഷത്തിനുള്ള സ്വാധീനത്തെ മറികടന്ന് അവരുടെ രാഷ്ട്രീയ പിന്തുണ നേടാൻ കഴിഞ്ഞിട്ടില്ല. സാമൂഹികമായി അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിലെ വിദ്യാസമ്പന്നരായ യുവത സ്വത്വ രാഷ്ട്രീയത്തിലേക്ക് ആകൃഷ്ടരാകുന്നതും, അവരെ വർഗീയ-അരാഷ്ട്രീയ വാദികളാക്കാൻ ശ്രമങ്ങൾ നടക്കുന്നതും പ്രധാന വെല്ലുവിളിയാണ്.
ഈ വീഴ്ചകൾ അതിജീവിച്ച് പാർട്ടിയെ വീണ്ടെടുക്കാൻ സമഗ്രമായ തിരുത്തൽ പ്രക്രിയകളാണ് പാർട്ടി മുന്നോട്ടുവെക്കുന്നത്. ഏറ്റവും താഴെത്തട്ടിലുള്ള ബ്രാഞ്ചുകൾ മുതൽ പുത്തനുണർവ്വോടെ പ്രവർത്തിക്കുകയും, പാർട്ടി അംഗങ്ങൾക്ക് പുറമേ പ്രാദേശികാടിസ്ഥാനത്തിൽ അനുഭാവി ഗ്രൂപ്പുകൾ രൂപീകരിച്ച് പ്രസ്ഥാനത്തെ വളർത്തുകയും വേണം. നിലവാരത്തകർച്ച അതിജീവിക്കാൻ രാഷ്ട്രീയവിദ്യാഭ്യാസം ഊർജിതമാക്കുന്നതിനൊപ്പം, സാമൂഹിക സാഹചര്യങ്ങളും ജനങ്ങളുടെ ആവശ്യങ്ങളും നേരിട്ടറിഞ്ഞ് പ്രവർത്തിക്കാൻ പാർട്ടിപഠനകേന്ദ്രങ്ങൾ സാമൂഹികജീവിതം കൂടി പഠനവിഷയമാക്കും. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഏരിയാ കമ്മിറ്റി അംഗങ്ങൾക്ക് ബ്രാഞ്ചുകളുടെയും, സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് ഏരിയാ കമ്മിറ്റികളുടെയും നേരിട്ടുള്ള ചുമതല നൽകും. പാർട്ടി വിദ്യാഭ്യാസം ശക്തമാക്കാനും രാഷ്ട്രീയ-പ്രത്യയശാസ്ത്ര സംശയനിവാരണത്തിനുമായി ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സ്വന്തമായി മൊബൈൽ ആപ്പ് തയ്യാറാക്കും. നവമാധ്യമങ്ങളിൽ താഴെത്തട്ടുവരെ സാങ്കേതിക വൈദഗ്ധ്യമുള്ളവരെ ഉൾപ്പെടുത്തി സംവിധാനമൊരുക്കുകയും, ജില്ലാനേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ഇടപെടലുകൾ അതിരുവിടാതിരിക്കാൻ ഭാഷയും ഉള്ളടക്കവും പരിശോധിക്കുന്ന രീതിയിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്യും.
പാർട്ടിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങളെ ചെറുക്കാൻ ബദൽ മാധ്യമ സംവിധാനവും പ്രാദേശിക പരാതി പരിഹാര മാർഗങ്ങളും വികസിപ്പിക്കും. നേതാക്കളുടെ പ്രസംഗത്തിലും ആശയവിനിമയത്തിലും ജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാകുന്ന ഭാഷ ഉറപ്പാക്കാനും രാഷ്ട്രീയ മൂർച്ഛ വരുത്താനും പരിശീലനം നൽകും. ജനബന്ധം വീണ്ടെടുക്കാൻ ഉത്സവങ്ങൾ ഉൾപ്പെടെയുള്ള ജനകീയ കൂട്ടായ്മകളിൽ സജീവമായി ഇടപെടുകയും, ഐ.ടി ഉൾപ്പെടെയുള്ള പുതിയ തൊഴിൽ മേഖലകളിൽ സംഘടനാ പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്യും. വർഗീയതയെ എതിർക്കുന്നത് മതവിശ്വാസത്തിന് എതിരാണെന്ന രീതിയിലുള്ള തെറ്റിദ്ധാരണകൾ തിരുത്തേണ്ടതുണ്ട്. പാവപ്പെട്ടവരുടെ പാർട്ടിയെന്ന അടിസ്ഥാന കാഴ്ചപ്പാട് മുറുകെ പിടിച്ചുകൊണ്ടുതന്നെ ഇടത്തരക്കാരെ ആകർഷിക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുകയും, പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ ശേഷിയുള്ള കേഡർമാരെ രൂപപ്പെടുത്താൻ പ്രത്യയശാസ്ത്രബോധം വളർത്തുകയും ചെയ്യും. വർഗബഹുജന സംഘടനകൾക്ക് കൃത്യമായ മാർഗരേഖ തയ്യാറാക്കി, നേതാക്കളുടെ അടക്കം തെറ്റുതിരുത്തൽ നടപടികൾ മൂന്ന് മാസത്തിലൊരിക്കൽ കൃത്യമായി വിലയിരുത്തും.
പാർട്ടിയുടെ ഘടനയിലും പ്രവർത്തന ശൈലിയിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് മാത്രമേ ഉയർന്നുവരുന്ന രാഷ്ട്രീയ-സാമൂഹിക വെല്ലുവിളികളെ അതിജീവിക്കാൻ സാധിക്കൂ. പ്രത്യയശാസ്ത്രപരമായ അടിത്തറ ശക്തിപ്പെടുത്തുന്നതോടൊപ്പം സ്വയം വിമർശനപരമായ നിലപാടുകളിലൂടെ തെറ്റുകൾ തിരുത്തി മുന്നോട്ടുപോവുകയാണ് പ്രധാനം. ജനകീയ അടിത്തറ വീണ്ടെടുക്കാനും ജനങ്ങളുടെ വിശ്വാസ്യത നിലനിർത്താനും ലക്ഷ്യമിട്ടുള്ള ഈ തിരുത്തൽ പ്രക്രിയകൾ പൂർണ അർത്ഥത്തിൽ നടപ്പിലാക്കുന്നത് സിപിഐഎമ്മിന്റെ ഭാവി വളർച്ചയ്ക്കും പ്രസ്ഥാനത്തിന്റെ നിലനിൽപ്പിനും അത്യന്താപേക്ഷിതമാണ്.


