ബെലഗാവി: കർണാടകയിലെ ബെലഗാവിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവർ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ബെലഗാവി സെൻട്രൽ ബസ് സ്റ്റാൻഡിന് സമീപമുള്ള ചാവട് ഗല്ലിയിലെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി അപകടമുണ്ടായത്. ഗജാനൻ ദാമോനെ (65), ശാരദ ദാമോനെ (45), ഭാരതി ദാമോനെ (50), റോഷൻ ദാമോനെ (21) എന്നിവരാണ് മരിച്ചത്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന പ്രിയ ദാമോനെ (28), ഗംഗ ദാമോനെ (25) എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.
ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി കുടുംബാംഗങ്ങൾ വീട്ടിലുണ്ടായിരുന്നപ്പോഴാണ് അപകടം. ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിന് പിന്നാലെ വീടിന് തീപിടിക്കുകയായിരുന്നു. പഴയ വീടായതിനാൽ തീ അതിവേഗം പടർന്നതായാണ് വിവരം. വീട്ടിനുള്ളിൽ കുടുങ്ങിയവർക്ക് പുറത്തേക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.
അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി തീയണച്ചു. പരിക്കേറ്റവരെ പൊലീസ്, അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. മാർക്കറ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഫ്രിഡ്ജ് പൊട്ടിത്തെറിക്കാനുണ്ടായ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.












