ഭുവനേശ്വർ: ഒഡിഷയിൽ മന്ത്രവാദത്തിന്റെ പേരിൽ വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസമാണ് ചന്ദക പ്രദേശത്ത് സംഭവം നടന്നത്. ചന്ദക സംരക്ഷിത വനപരിധിയിൽ നിന്ന് വെള്ളിയാഴ്ച മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയതോടെയാണ് കേസിന് പിന്നിലെ സത്യം പുറത്ത് വരുന്നത്.
അസ്ഥികൂടത്തിനൊപ്പം ലഭിച്ച കഴുത്തിലെ ആഭരണത്തിന്റെ അടിസ്ഥാനത്തിൽ ബൽറാം ദിയോഗ് എന്നയാളാണ് മരിച്ചതെന്ന് അദ്ദേഹത്തിന്റെ മകൻ തിരിച്ചറിഞ്ഞതായി ഭുവനേശ്വർ-കട്ടക്ക് പൊലീസ് കമീഷണർ എസ് ദേവ് ദത്ത സിംഗ് പറഞ്ഞു. സെപ്തംബർ 30 രാത്രി മുതൽ ബൽറാമിനെ കാണാതായിരുന്നു. തന്റെ കൃഷിയിടത്തിൽ കാവൽ നിൽക്കാൻ പോയ ബൽറാം പിന്നീട് തിരിച്ചെത്തിയില്ല.
മന്ത്രവാദം ചെയ്തുവെന്നാരോപിച്ച് പ്രതികൾ ബൽറാമിനെ കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ കുഴിച്ചുമൂടിയതയാണ് ആണ് അന്വേഷണത്തിൽ വ്യക്തമായത്. കൊല്ലപ്പെട്ടയാളുടെ സാധനങ്ങൾ അടുത്തുള്ള കുളത്തിൽ ഉപേക്ഷിച്ചെന്നാണ് കണ്ടെത്തൽ. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.




